28 September Monday

വീണ്ടും ഉന്നാവ്‌ ; കൂട്ടബലാത്സംഗത്തിന്‌ ഇരയായ യുവതിയെ പ്രതികൾ തീകൊളുത്തി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ന്യൂഡൽഹി
മനഃസാക്ഷിയെ നടുക്കി ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും പെണ്ണിനോട്‌ ക്രൂരത. കൂട്ടബലാത്സംഗത്തിന്‌ ഇരയായ ഇരുപത്തിമൂന്നുകാരിയെ കേസിന്റെ വാദത്തിന്‌ കോടതിയിലേക്ക്‌ പോകവെ പ്രതികൾ ഉൾപ്പെട്ട സംഘം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റു. മർദിച്ചവശയാക്കി കുത്തിവീഴ്ത്തിയ ശേഷമാണ്  തീകൊളുത്തിയത്. അഞ്ചുപേരാണ്‌ ആക്രമിച്ചതെന്ന്‌ യുവതി മജിസ്‌ട്രേട്ടിനു മൊഴി നൽകി. ഇവരുടെ പേരുകളും മൊഴിയിലുണ്ട്‌. ലഖ്‌നൗ സിവിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ രാത്രിയോടെ ഡൽഹി സഫ്‌ദർജങ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ഉന്നാവിലെ സിന്ധുപുർ ഗ്രാമത്തിൽ വ്യാഴാഴ്‌ച രാവിലെ പത്തോടെയാണ്‌ രാജ്യത്തെ നടുക്കിയ സംഭവം. യുവതി കോടതിയിലേക്ക്‌ പോകവെ വിജനമായ സ്ഥലത്തുവച്ച്‌ അഞ്ചംഗസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവതി പ്രാണവേദനയോടെ ഒരു കിലോമീറ്ററോളം ഓടി ആദ്യം കണ്ട വീട്ടിൽക്കയറി സഹായം അഭ്യർഥിച്ചു. കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന്‌ പൊലീസും ആംബുലൻസും എത്തിയാണ്‌ അടുത്തുള്ള ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. അഞ്ച് അക്രമികളെയും അറസ്റ്റ്‌ ചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവരില്‍  രണ്ടുപേർ ബലാത്സംഗക്കേസിലെ പ്രതികളാണ്‌. ഒരാള്‍ നേരത്തെ അറസ്റ്റിലായെങ്കിലും നവംബർ 30ന്‌ ജാമ്യത്തിലിറങ്ങി.

നിലയ്‌ക്കാത്ത ക്രൂരത
ഉന്നാവിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ്‌ സെംഗാർ  പ്രതിയായ ബലാത്സംഗക്കേസിലെ ഇരയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെയാണ്‌  മറ്റൊരു ഇരയെ ഇല്ലാതാക്കാൻ ശ്രമം. തെലങ്കാനയിൽ കഴിഞ്ഞയാഴ്‌ച  ഇരുപത്താറുകാരിയായ വെറ്ററിനറി ഡോക്ടറെ നാലംഗ സംഘം ക്രൂരമായി ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിശേഷം  മൃതദേഹം കത്തിച്ചിരുന്നു. രാജ്യമെമ്പാടും ഇതിനോടുള്ള രോഷം അലയടിക്കവെയാണ്‌ ഉന്നാവിൽ ക്രൂരത ആവർത്തിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top