19 September Sunday

സര്‍വകലാശാല നിയമങ്ങള്‍ തനിമ നഷ്ടപെടാതെ പരിഷ്‌കരിക്കും: മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

തൃശൂര്‍> അമ്പത് വര്‍ഷം പഴക്കമുള്ള കേരളത്തിലെ സര്‍വകലാശാല നിയമങ്ങള്‍  ഇവയുടെ തനിമ നഷ്ടപെടാതെ പരിഷ്‌കരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഇതിനായി സര്‍വകലാശാല നിയമപരിഷ്‌കാര കമീഷന്‍ രൂപീകരിക്കും. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

 കാലോചിതമായ സമഗ്ര പരിഷ്‌കരണം ഇവയ്ക്ക് ആവശ്യമാണെന്നും പൊതുവായ കാര്യങ്ങളില്‍ ഐക്യരൂപത്തോടെ സര്‍വകലാശാല നിയമങ്ങള്‍ മാറ്റി എഴുതേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റാറ്റിയൂട്ടുകള്‍, ഓര്‍ഡിനന്‍സുകള്‍, റെഗുലേഷനുകള്‍ എന്നിവ മാറ്റി എടുക്കാന്‍ സര്‍വകലാശാലകളെ  സഹായിക്കുകയാണ് നിയമപരിഷ്‌കാര കമീഷന്റെ ലക്ഷ്യം.  

പരീക്ഷാനടത്തിപ്പിലെ കൃത്യമായ നിര്‍വഹണത്തിന് വേണ്ടി പരീക്ഷ പരീഷ്‌കാര കമീഷനെയും നിയമിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എന്‍എഎസിയുടെ(നാക്ക്) എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തുക ലക്ഷ്യത്തോടെയുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ഡിജിറ്റല്‍ കാലത്തിലൂടെ കടന്ന് പോകുമ്പോള്‍
വിദ്യാഭ്യാസ മേഖലയെല്ലാം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി  'ലെറ്റ്‌സ് ഗോ ഡിജിറ്റല്‍' എന്ന പദ്ധതി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.പുതിയ കാലഘട്ടത്തിനനുയോജ്യമായ കോഴ്‌സുകള്‍ കണ്ടെത്തി സര്‍വകലാശാലകളില്‍ നടപ്പിലാക്കും. കൂടാതെ എല്ലാ കോഴ്‌സുകളിലും പത്ത് ശതമാനം കോഴ്‌സുകള്‍ വര്‍ധിപ്പിക്കും.

ബജറ്റില്‍ നിര്‍ദ്ദേശിച്ച 30 മികവിന്റെ കേന്ദ്രങ്ങള്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്വയംഭരണ സ്ഥാപനങ്ങളായി ആരംഭിക്കും. ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും ഇവയുടെ പ്രവര്‍ത്തനം. പെണ്‍കുട്ടികള്‍ക്കായി സ്‌കില്‍ ഡവലപ്‌മെന്റ് കോഴ്‌സിന് തുടക്കം കുറിക്കും. ഇതില്‍ കുടുംബശ്രി അംഗങ്ങളെയും പങ്കാളികളാക്കും.  


ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.പൊതുഗതാഗതങ്ങളിലും ഇത് നടപ്പിലാക്കാനുള്ള ശ്രമം നടത്തും.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 'സഹജീവനം' എന്ന പദ്ധതി ആരംഭിക്കും. നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top