സാങ്കേതിക സർവകലാശാല: ഭരണസ്‌തംഭനം ഒഴിവാക്കൽ നടപടിയിലും ദുഷ്‌പ്രചാരണം

തിരുവനന്തപുരം
സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിൽ സാങ്കേതിക സർവകലാശാലയിൽ ഭരണസ്‌തംഭനം ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച നടപടിയെയും ഗവർണർ ദുർവ്യാഖ്യാനം ചെയ്യുന്നു. സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശയാണ് കുപ്രചാരണത്തിനായി ഗവർണറുടെ ഓഫീസ് ഉപയോഗിക്കുന്നത്.
ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവർണറുടെ സെക്രട്ടറിക്ക് നൽകിയ കത്ത് സുപ്രീംകോടതി വിധി സർക്കാർ അംഗീകരിച്ചതിന്റെ തെളിവാണ് എന്ന പേരിൽ മാധ്യമങ്ങൾക്കുചോർത്തി നൽകി.
എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. എം എസ് രാജശ്രീയെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്‌ചയുടെ പേരിലാണ് സുപ്രീംകോടതി ഒഴിവാക്കിയത്.
ഇതുമായി ബന്ധപ്പെട്ട പുനരവലോകന ഹർജി നൽകുന്നതടക്കം ആലോചനകൾക്കിടയിലാണ് സംസ്ഥാന സർക്കാർ സർവകലാശാലയിൽ ഭരണസ്‌തംഭനം ഒഴിവാക്കാനാവശ്യമായ നടപടികളിലേക്ക് കടന്നത്. സാങ്കേതിക സർവകലാശാല നിയമം അനുസരിച്ച്, മറ്റ് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, നിലവിലെ പ്രോ വൈസ് ചാൻലസർ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരിൽ ഒരാളെ ആറുമാസ കാലത്തേക്ക് സർക്കാർ ശുപാർശയിൽ വൈസ് ചാൻസലറായി നിയമിക്കാൻ ചാൻസലറോട് സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യാം. ഈ വ്യവസ്ഥ അനുസരിച്ചായിരുന്നു സർക്കാർ ശുപാർശ.
0 comments