14 November Thursday

കെഎസ്‌‌‌യു നേതാവാണ്; പക്ഷേ ചാനലുകള്‍ക്ക് വെറും 'നിഷ്‌പക്ഷന്‍'

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കൊച്ചി > തിരുവനന്തപുരം യൂണിവേഴ്‌‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ 'വെറും വിദ്യാര്‍ത്ഥി'യെന്ന ലേബലില്‍ വന്നിരുന്ന് എസ്എഫ്‌ഐക്കെതിരെ ആരോപണമുന്നയിച്ചത് കെഎസ്‌‌യു നേതാവ്. കെഎസ്‌‌യു യൂണിവേഴ്‌‌സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രനെയാണ് 'നിഷ്‌പക്ഷ'നെന്ന മട്ടില്‍ ചാനലുകള്‍ ദിവസങ്ങളായി അവതരിപ്പിച്ചത്. മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകളിലെ പ്രൈംടൈം ചര്‍ച്ചകളില്‍ അമല്‍ പങ്കെടുത്തിരുന്നു.

അമല്‍ ചന്ദ്ര കെഎസ്‌യു പരിപാടിയില്‍

അമല്‍ ചന്ദ്ര കെഎസ്‌യു പരിപാടിയില്‍



ചര്‍ച്ചകളില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ത്ഥി നേതാക്കളെയെല്ലാം അവരുടെ സംഘടനയുടെ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അമലിന്റെ പേരിനുതാഴെ വിദ്യാര്‍ത്ഥി എന്ന് മാത്രമായിരുന്നു ചാനലുകള്‍ നല്‍കിയത്. എന്‍എസ്‌യു പ്രവര്‍ത്തകനാണെന്നതുള്‍പ്പെടെ രാഷ്‌ട്രീയചായ്‌വ് അമലിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലടക്കമുണ്ട്. വ്യക്തമായ രാഷ്‌ട്രീയബന്ധമുള്ളവരെ രാഷ്‌ട്രീയ നിരീക്ഷകര്‍ എന്ന പേരില്‍ വിളിച്ചിരുത്താനും ചാനലുകള്‍ മടിച്ചില്ല.

യൂണിവേഴ്‌‌‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാലതാമസമൊന്നുമില്ലാതെ ശക്തമായ നടപടിയാണ് എസ്എഫ്‌ഐ സ്വീകരിച്ചത്. എന്നാല്‍ അതിനുശേഷവും എസ്എഫ്‌ഐയെ ഒറ്റതിരിഞ്ഞ് നുണവാര്‍ത്തകളിലൂടെ ആക്രമിക്കാനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തിയത്. വിദ്യാര്‍ത്ഥികളാകട്ടെ,തങ്ങള്‍ എസ്എഫ്‌ഐക്കൊപ്പമാണെന്ന് വ്യക്തമാക്കി പറഞ്ഞിട്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ തകര്‍ന്നു എന്ന പ്രചരണമാണ് മാധ്യമങ്ങള്‍ നടത്തിയത്.

എന്നാല്‍ എല്ലാ നുണപ്രചരണത്തെയും വെല്ലുവിളിച്ചുകൊണ്ട്, എക്കാലത്തെയും മികച്ച പങ്കാളിത്തത്തോടെ എസ്എഫ്‌ഐ സംസ്ഥാനത്താകെ നടത്തിയ അവകാശപത്രികാ സമര്‍പ്പണ മാര്‍ച്ചിനെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്‌തു. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കോളേജ് അവധിയായിരുന്നിട്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനികളുടെയടക്കം വന്‍ പങ്കാളിത്തം മാര്‍ച്ചിനുണ്ടായിരുന്നു. തിങ്കളാഴ്ച്ച നടന്ന രജനി എസ് ആനന്ദ് അനുസ്‌മരണ പരിപാടിയും വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.


പ്രധാന വാർത്തകൾ
 Top