07 December Saturday

എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടും; ഉത്തരക്കടലാസ് കിട്ടിയ സംഭവത്തിൽ ദുരൂഹത: സച്ചിൻ ദേവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

തിരുവനന്തപുരം> യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽനിന്നും ഉത്തരകടലാസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്. സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. എസ്എഫ്ഐയെയും യൂണിവേഴ്സിറ്റി കോളേജിനെയും തകർക്കുന്നതിനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടുമെന്നും സച്ചിൻ ദേവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ വിദ്യാർഥി സംഘടനാ എന്ന നിലയിൽ സ്വീകരിക്കാവുന്ന പരമാവധി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ആക്രമികൾ ആരും ഇപ്പോൾ എസ്എഫ്ഐയുടെ ഭാഗമല്ല. പൊലീസ് സ്വതന്ത്രമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രധാന പ്രതികളെ ഇതിനോടകം പിടികൂടിയിട്ടുണ്ട്.

എന്നാൽ ചില വലതുപക്ഷ മാധ്യമങ്ങൾ എസ്എഫ്ഐയെ തകർക്കുന്നതിനുവേണ്ടി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. അതിൽ പലതും വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ഉത്തരക്കടലാസ്സുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. പതിമൂന്നാം തീയതി കോളേജിയറ്റ് എഡ്യൂക്കേഷൻ അസി. ഡയറക്ടർ കെ കെ സുമ അടക്കമുള്ളവർ നടത്തിയ പരിശോധനയിൽ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിൽനിന്നും ഉത്തരക്കടലാസ് കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്‌. പിന്നെ ഇതെങ്ങനെയാണ്‌ മാധ്യമങ്ങൾക്ക് കിട്ടിയതെന്ന് പരിശോധിക്കണം. ഇത് എസ്എഫ്ഐയെ തകർക്കുന്നതിനുള്ള മാധ്യമ ഗൂഢാലോചനായാണ് പുറത്തുകൊണ്ടുവരുന്നത്.

നാടിന്റെ ചരിത്രത്തിൽ വലിയ സംഭാവന ചെയ്തിട്ടുള്ള യൂണിവേഴ്സിറ്റി കോളേജിനെ ഉൾപ്പെടെ തകർക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, പ്രസിഡന്റ് വി വി വിനീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top