17 January Friday

നേട്ടങ്ങൾ മങ്ങില്ല; പുതിയ കുതിപ്പിൽ സർവകലാശാലകൾ

എം വി പ്രദീപ്‌Updated: Sunday Dec 15, 2019

തിരുവനന്തപുരം >  സംസ്ഥാനത്തെ സർവകലാശാലകളുടെ നേട്ടങ്ങളെ തമസ്‌കരിക്കാൻ സംഘടിതമായ കുപ്രചാരണം.  ചരിത്രത്തിൽ ആദ്യമായാണ്‌ കേരളത്തിലെ സർവകലാശാലകൾ ഈ അക്കാദമിക്‌ വർഷാരംഭത്തിൽത്തന്നെ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ ആരംഭിച്ചതെന്നതുപോലും  വിസ്‌മരിച്ചാണ്‌ സർക്കാർ വിരുദ്ധമാധ്യമങ്ങൾ സർവകലാശാലകളെ തകർക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.
ഒമ്പത്‌ സർവകലാശാലകളുടെയും നവീകരണത്തിന്‌ സർവകലാശാലകളുടെ സ്വയംഭരണ അവകാശങ്ങൾ ഹനിക്കാതെയുള്ള ഇടപെടലാണ്‌ നടത്തുന്നത്‌. വിസി, രജിസ്‌ട്രാർ, സിൻഡിക്കറ്റ്‌, സെനറ്റ്‌  അംഗങ്ങൾ എന്നിവരുമായുള്ള കൂടിയാലോചനകളിലൂടെയാണ്‌ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ അടക്കം നിർദേശിച്ച  മികവിന്റെ ഔന്നത്യത്തിലേക്ക്‌ സർവകലാശാലകളെ കൈപിടിച്ച്‌ ഉയർത്താൻ ശ്രമിച്ചത്‌. 

ജൂണിൽത്തന്നെ ക്ലാസ്‌ തുടങ്ങി

ചരിത്രത്തിൽ ആദ്യമായാണ്‌ ഈ അധ്യയനവർഷം ബിരുദ, ബിരുദാനന്തരബിരുദ ഒന്നാംവർഷ ക്ലാസുകൾ ജൂണിൽ ആരംഭിച്ചത്‌. പിജി ക്ലാസുകൾ ജൂൺ 17നും യുജി ക്ലാസുകൾ ജൂൺ 24നും ആരംഭിച്ചു.  ഒക്ടോബർവരെ നീളുന്ന പ്രവേശന നടപടികളാണ്‌ മൂന്ന്‌ മാസം മുമ്പേ പൂർത്തിയാക്കിയത്‌.  വിവിധ സർവകലാശാലകൾ പരീക്ഷാനടത്തിപ്പ്‌, ഫലപ്രഖ്യാപനം എന്നിവ വ്യത്യസ്‌തസമയങ്ങളിൽ നടത്തുന്നതുമൂലം വിദ്യാർഥികൾ കാലങ്ങളായി അനുഭവിക്കുന്ന  പ്രയാസങ്ങൾ പരിഹരിക്കാൻ പ്രവേശനം, പരീക്ഷാനടത്തിപ്പ്‌, ഫലപ്രഖ്യാപനം എന്നിവ സമയബന്ധിതമാക്കി. ഏപ്രിൽ 30നകം പിജി ഫലവും മെയ്‌ 31നകം ബിരുദഫലവും പ്രഖ്യാപിക്കണമെന്ന തീരുമാനവും കൈക്കൊണ്ടു.
2020ൽ  സംസ്ഥാനത്ത്‌ ഒന്നുമുതൽ ബിരുദാനന്തരബിരുദ ക്ലാസുകൾവരെ ജൂൺ ഒന്നിന്‌ ഒന്നിച്ചാരംഭിക്കും. ഇതിനുള്ള ശ്രമങ്ങൾ സർവകലാശാലകൾ ആരംഭിച്ചിട്ടുണ്ട്‌.

3000 പിഎസ്‌സി നിയമനം

സർവകലാശാലകളുടെ നടത്തിപ്പ്‌ സുഗമമാക്കാനായി അസിസ്‌റ്റന്റ്‌, കംപ്യൂട്ടർ അസിസ്റ്റന്റ്‌ തസ്‌തികകളിൽ 3000 പേരെയാണ്‌ ഈ സർക്കാർ വന്നശേഷം പിഎസ്‌സിവഴി നിയമിച്ചത്‌. 500 അധ്യാപക ഒഴിവുകൾ ഉടൻ നികത്തും.  യുഡിഎഫ്‌ സർക്കാർ അവസാനഘട്ടത്തിൽ എയ്‌ഡഡ്‌ കോളേജുകളിൽ ചട്ടമില്ലാതെ അനുവദിച്ച കോഴ്‌സുകൾക്ക്‌ ആവശ്യമായ 1000 അധ്യാപകരെ നിയമിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്‌. 

സർട്ടിഫിക്കറ്റ്‌ ഓൺലൈനിൽ

വിദ്യാർഥികൾക്ക്‌ നൽകേണ്ടതും വിദ്യാർഥികൾ സർവകലാശാലയിൽ സമർപ്പിക്കേണ്ടതുമായ സർട്ടിഫിക്കറ്റുകളെല്ലാം ഓൺലൈനായി നൽകാൻ സംവിധാനമൊരുക്കി. സർവകലാശാലകളുടെ പൊതുപ്രവർത്തനങ്ങൾക്ക്‌ ഏകീകൃത പ്ലാറ്റ്‌ഫോം സംവിധാനമൊരുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. പ്രവേശന നടപടികൾ പൂർണമായി ഓൺലൈനിലാക്കി.

15000 വിദ്യാർഥികൾക്ക്‌ അധിക പ്രവേശനം

 യോഗ്യരായ വിദ്യാർഥികൾക്ക്‌ മുഴുവൻ അവസരം നൽകുന്നതിന്റെ ഭാഗമായി ഈ വർഷം മാത്രം 15000 സീറ്റ്‌ വർധിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top