16 October Wednesday

വിദ്യാഭ്യാസ മേഖലയെ തീർത്തും അവഗണിച്ച ബജറ്റ്: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തിരുവനന്തപുരം > വിദ്യാഭ്യാസമേഖലയെ പാടെ അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2023 - 24 സാമ്പത്തിക വർഷത്തെ റിവൈസ്ഡ് ബജറ്റ് പ്രകാരം ആകെ റവന്യൂ ചിലവിന്റെ 1.61 ശതമാനമാണ് സ്കൂൾ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നത്. എന്നാൽ 2024 - 25 സാമ്പത്തിക വർഷം ആകെ റവന്യൂ ചിലവിന്റെ 1.50 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി നീക്കി വെച്ചിട്ടുള്ളത്. രണ്ടുവർഷം മുമ്പ് അനുവദിച്ച തുക പോലും ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിട്ടില്ല. സമഗ്ര ശിക്ഷയ്ക്ക് നീക്കിവെച്ച തുകയിൽ കാലോചിതമായ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല.

കേന്ദ്രസർക്കാർ അവസാനം പുറത്തുവിട്ട 2021 - 22ലെ യുഡൈസ് ഡാറ്റ പ്രകാരം ദേശീയതല ശരാശരി അനുസരിച്ച് ഒന്നാം ക്ലാസിൽ 100 കുട്ടികൾ ചേരുന്നുണ്ടെങ്കിൽ 43.6 കുട്ടികൾ മാത്രമേ പന്ത്രണ്ടാം ക്ലാസിൽ എത്തുന്നുള്ളൂ. അതിന്റെ അർത്ഥം 66.40 ശതമാനം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ കൊഴിഞ്ഞു പോകുന്നുണ്ട്. എന്നാൽ ഇതേ ഡാറ്റ പ്രകാരം കേരളത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന ഏതാണ്ട് എല്ലാ കുട്ടികളും പന്ത്രണ്ടാം ക്ലാസിൽ എത്തുന്നുണ്ട്. ദേശീയതലത്തിൽ തന്നെ റവന്യൂ ചെലവ് വർദ്ധിപ്പിക്കുന്നതനുസരിച്ച് വിദ്യാഭ്യാസമേഖലയ്ക്കുള്ള നീക്കിയിരിപ്പ് വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം.

കേരളത്തെ പാടെ അവഗണിച്ച ബജറ്റ് കൂടിയാണ് കേന്ദ്ര ബജറ്റ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ഇക്കാര്യത്തിൽ മറുപടി പറയാൻ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top