19 July Friday

തൊഴിലില്ലായ്‌മാ നിരക്ക്‌: മോദിയും ബിജെപിയും യുവജനങ്ങളോട് മാപ്പ് പറയണം: മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

തിരുവനന്തപുരം> രാജ്യത്ത‌് തൊഴിലില്ലായ‌്മ നിരക്ക‌് 45 വർഷ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക‌് കുതിച്ചെന്ന‌് സ്‌ഥിരീകരിച്ചതോടെ പ്രധാനമന്ത്രി  മോഡിയും ബിജെപിയും യുവജനങ്ങളോട്‌ മാപ്പു പറയണമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌  പി എ മുഹമ്മദ്‌ റിയാസ്‌  ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ അതി രൂക്ഷമാണെന്നും 2014ൽ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്ത സർക്കാറായിരുന്നു രാജ്യം കഴിഞ്ഞ  5 വർഷം ഭരിച്ചെതെന്ന് ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയ വിമർശനം മോദിയും കൂട്ടരും അന്ന് തള്ളിക്കളഞ്ഞിരുന്നു. 

എന്നാൽ ഇപ്പോൾ രാജ്യത്ത‌് തൊഴിലില്ലായ‌്മ നിരക്ക‌് 45 വർഷ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക‌് കുതിച്ചെന്ന‌് സ്ഥിരീകരിക്കുന്ന റിപ്പോർട്ട‌് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2017–18 വർഷത്തിൽ തൊഴിലില്ലായ‌്മ നിരക്ക‌് ആകെ തൊഴിൽശക്തിയുടെ 6.1 ശതമാനമായി ഉയർന്നുവെന്ന‌് സ്ഥിതിവിവര മന്ത്രാലയം വെള്ളിയാഴ‌്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. മാസങ്ങൾക്ക‌ുമുമ്പുതന്നെ റിപ്പോർട്ട‌് തയ്യാറായിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒരു ദേശീയ ദിനപത്രത്തിൽ റിപ്പോർട്ടിലെ വിവരങ്ങൾ വന്നെങ്കിലും അന്തിമകണക്കല്ലെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്.

രണ്ടാം മോദി  സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റതിന‌ു പിന്നാലെയാണ‌് തൊഴിലില്ലായ‌്മ കണക്ക‌് പുറത്തുവിടാൻ മന്ത്രാലയം തയ്യാറായത‌്. നേരത്തെ പുറത്തുവന്ന കണക്കുകൾ അതേപടി ശരിവയ‌്ക്കുന്നതാണ‌് റിപ്പോർട്ട‌്.

ലോ‌ക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരം തൊഴിൽ റിപ്പോർട്ട‌് പൂഴ‌്ത്തുകയായിരുന്നു. കണക്കുകൾ പ്രകാരം നഗരങ്ങളിലെ യുവാക്കൾക്കിടയിൽ 7.8 ശതമാനമാണ‌് തൊഴിലില്ലായ‌്മ നിരക്ക‌്. ഗ്രാമങ്ങളിലിത‌് 5.3 ശതമാനമാണ‌്. പുരുഷന്മാർക്കിടയിൽ തൊഴിലില്ലായ‌്മ നിരക്ക‌് 6.2 ശതമാനവും സ‌്ത്രീകൾക്കിടയിൽ‌ 5.7 ശതമാനവുമാണ‌്. മോഡി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിക്ക‌ു പിന്നാലെയാണ‌് തൊഴിലില്ലായ‌്മ നിരക്ക‌് കുതിച്ചത‌്.

രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെ കേന്ദ്രസ്ത്ഥി വിവര മന്ത്രാലയം കുറ്റസമ്മതം നടത്തിയിരിക്കുന്ന സാഹചര്യത്തിൽ  കഴിഞ്ഞ 5 വർഷം യുവജനങ്ങളോട് ചെയ്ത കൊടും വഞ്ചനക്ക് മോദിയും സംഘപരിവാരും യുവജനങ്ങളോട് മാപ്പ് പറയണം..മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top