05 December Thursday

കൊച്ചിയിലും തരംഗമാകാൻ അണ്ടർ 25 സമ്മിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
വിദ്യാർഥികൾക്കിടയിൽ പുതുതരംഗമായി മാറിയ അണ്ടർ 25 സമ്മിറ്റ്‌ ടീം കൊച്ചിയിലെ ക്യാമ്പസുകൾ കീഴടക്കാനെത്തുന്നു. ജനുവരിയിൽ എറണാകുളം സെന്റ്‌ തേരേസാസ്‌ കോളേജിനെ ഇളക്കിമറിച്ച്‌ കൊച്ചിയുടെ ഹൃദയം കീഴടക്കാനൊരുങ്ങുകയാണ്‌ സംഘം.ബംഗളൂരുവിൽ വളർന്ന ചങ്ങനാശേരിക്കാരൻ ആന്റോ ഫിലിപ്പിന്റെയും സുഹൃത്ത്‌ ശ്രേയൻസ്‌ ജയിനിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട 45 അംഗസംഘം തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിൽ പരിപാടികൾ അവതരിപ്പിച്ചാണ്‌ കൊച്ചിയിലേക്ക്‌ ആദ്യചുവടുവച്ചത്‌. രാജ്യത്താകെയുള്ള വിദ്യാർഥികളുമായി സംവദിക്കാനുള്ള വേദി എന്ന ലക്ഷ്യത്തോടെ ആറുവർഷം മുമ്പാണ്‌ ബംഗളൂരുവിൽ സംഘം രൂപപ്പെട്ടത്‌. ക്യാമ്പസുകളെ കൂട്ടിയിണക്കി 25 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുടെ വലിയൊരു ശൃംഖല ഇതിനകം സംഘത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു.

വിദ്യാർഥികൾക്ക്‌ അവരുടെ കഴിവുകൾ തിരിച്ചറിയാനും ഭാവിക്ക്‌ പ്രയോജനപ്പെടുംവിധം വളർത്തിയെടുക്കാനും സഹായിക്കുംവിധമാണ്‌ രൂപകൽപ്പന. സംഗീതജ്ഞർ, എഴുത്തുകാർ, ടെക്‌നോക്രാറ്റുകൾ, ഐടി വിദഗ്‌ധർ, സഞ്ചാരികൾ തുടങ്ങി യുവ സമൂഹത്തെ ആകർഷിക്കുന്ന രംഗങ്ങളിലെ മികച്ചവരെ ഒരു വേദിയിൽ എത്തിക്കും. വിദ്യാർഥികൾക്ക്‌ അവരുമായി സംസാരിക്കാം, സംവദിക്കാം, തർക്കിക്കാം. സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനും അവസരമുണ്ട്‌. ശിൽപ്പശാലകൾ, പാനൽ ചർച്ചകൾ, ടോക്‌ ഷോകൾ എന്നിവയും ആറുമണിക്കൂർ നീളുന്ന സമ്മിറ്റിന്റെ ഭാഗമായി അരങ്ങേറുമെന്ന്‌ ആന്റോ ഫിലിപ്പ്‌ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഐഐടികളിലും ഡൽഹി, മുംബൈ നഗരങ്ങളിലെ ക്യാമ്പസുകളിലും സമ്മിറ്റ്‌ അരങ്ങേറിക്കഴിഞ്ഞു. കൊച്ചിയിലേക്കുള്ള വരവ്‌ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നതെന്നും കേരളത്തിലെ മറ്റു നഗരങ്ങളിലെ ക്യാമ്പസുകളിലേക്ക്‌ ക്ഷണമുണ്ടെന്നും ആന്റോ ഫിലിപ്പ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top