25 August Sunday

യുഎൻഎ ക്രമക്കേട‌്: നാലുപേർക്കെതിരെ കേസെടുത്തു; ജാസ‌്മിൻഷാ ഒന്നാംപ്രതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

തിരുവനന്തപുരം> യുണൈറ്റഡ‌് നേഴ‌്സസ‌് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തികത്തട്ടിപ്പിൽ പ്രസിഡന്റ‌് ജാസ‌്മിൻഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം ഷോബി ജോസ‌്, ജാസ‌്മിൻഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ‌് സ‌്റ്റാഫ‌് ജിത്തു എന്നിവർക്കെതിരെയാണ‌് വ്യാജരേഖ ചമയ‌്ക്കൽ, വഞ്ചന എന്നീ വകുപ്പുകളിൽ കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്. 

യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോള‌ം രൂപയുടെ വെട്ടിപ്പ‌് നടത്തിയെന്ന‌്  സംസ്ഥാന വൈസ‌് പ്രസിഡന്റായിരുന്ന സിബി മുകേഷ‌് നൽകിയ പരാതിയിലാണ‌് നടപടി. പ്രസിഡന്റ‌് ജാസ്മിൻ ഷായുടെ ഡ്രൈവറടക്കമുള്ളവർ അക്കൗണ്ടിൽനിന്ന‌്‌ വൻതുക പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട‌്.  പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയ‌്ക്ക‌്  നൽകിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന‌് അന്വേഷണത്തിന‌് കൈമാറുകയായിരുന്നു.

ആക്സിസ‌് ബാങ്ക‌് അക്കൗണ്ടിൽ 2017 ഏപ്രിൽ മുതൽ 2019 ജനുവരി പത്തൊമ്പത് വരെ 3 കോടി 71 ലക്ഷം രൂപയാണ‌് വന്നത‌്. പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച‌് വിശദമായ അന്വേഷണം വേണമെന്ന‌് പൊലീസ‌് മേധാവിക്ക‌് റിപ്പോർട്ട‌് നൽകുകയായിരുന്നു. ഇതോടെയാണ‌് നാലുപേർക്കെതിരെ കേസെടുത്തത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top