02 July Thursday

ഉംപുന്‍ ചുഴലിക്കാറ്റ്:സംസ്‌ഥാനത്ത്‌ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

തിരുവനന്തപുരം> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.2020 മെയ് 18: കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,കോഴിക്കോട്, ,പാലക്കാട്,മലപ്പുറം, വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, 2020 മെയ് 19 : കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ  അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍  മുതല്‍ 115.5 മില്ലിമീറ്റര്‍  വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ് മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് .കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച, ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍, ഇടിമിന്നല്‍ സുരക്ഷ മുന്‍കരുതലുകള്‍ തുടങ്ങിയവ https://bit.ly/2WEmNGf https://bit.ly/2TwhaYT എന്നീ ലിങ്കുകളില്‍ നിന്ന് ലഭ്യമാണ്.


 


പ്രധാന വാർത്തകൾ
 Top