19 September Saturday

‘ജീവനുണ്ടെങ്കിൽ ജോലിക്ക്‌ എത്തുക; ഇല്ലെങ്കിൽ വിധിയെന്നു കരുതുക’ ; കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ മേന്മ യുകെയിൽ ഇല്ലെന്ന്‌ എറണാകുളം സ്വദേശിനിയായ നേഴ്‌സ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Mar 28, 2020

യുകെയിലെ എൻഎച്ച്‌എസ്‌ ഐസിയുവിൽനിൽക്കുന്ന നേഴ്‌സ്‌മാരിൽ ഒരാൾ


കൊച്ചി > ‘കോവിഡ്‌–-19ന്റെ  ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ എട്ടുദിവസം നിരീക്ഷണത്തിൽ കഴിയുക. മുറിയുടെ പുറത്ത്‌ ഭക്ഷണം കൊണ്ടുവയ്‌ക്കാം. എട്ടുദിവസം കഴിഞ്ഞ്‌ ജീവനുണ്ടെങ്കിൽ വീണ്ടും ജോലിക്കു കയറുക. ഇല്ലെങ്കിൽ വിധിയായി കരുതുക.’ യുകെ നാഷണൽ ഹെൽത്ത്‌ സർവീസിലെ നേഴ്‌സുമാർക്ക്‌ അധികൃതർ നൽകിയ ഉപദേശം ഇതാണ്‌. പകുതി തമാശയായാണ്‌ യുകെ നാഷണൽ ഹെൽത്ത്‌ സർവീസ്‌ ഐസിയുവിൽ നേഴ്‌സായ എറണാകുളം സ്വദേശിനി ഇതു പറഞ്ഞതെങ്കിലും ഇത്‌ ‌ഭാവിയിൽ സത്യമാകുമെന്ന ആശങ്ക ഇല്ലാതില്ല. അവിടത്തെ സ്ഥിതി അതാണ്‌.

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിപായെ തുരത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു ഇവർ. നിപായെ അതിജീവിച്ച അജന്യയെ പരിചരിച്ച ഇവരുടെ വാക്കുകൾ ഇങ്ങനെ:

കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ മേന്മ യുകെയിലില്ല. ഉപയോഗിച്ച എപ്രണും മാസ്‌കുമെല്ലാം വീണ്ടും ധരിക്കേണ്ട അവസ്ഥ. ലഭിക്കുന്നവയാകട്ടെ ഗുണമേന്മയില്ലാത്തതും. അടുക്കളയിൽ ഉപയോഗിക്കുന്ന നിലവാരം മാത്രമുള്ള കനംകുറഞ്ഞ പ്ലാസ്റ്റിക്‌ എപ്രണാണ്‌ നൽകുന്നത്‌.  കോഴിക്കോട്‌ മെഡിക്കൽ കോളേജിലായിരുന്നപ്പോൾ പരമാവധി ആറു മണിക്കൂറായിരുന്നു ജോലി.യുകെയിൽ ഒരു നേഴ്‌സ്‌ 12 മണിക്കൂർ തുടർച്ചയായി കോവിഡ്‌–-19 രോഗികളെ നോക്കണം’.

നിപാ കാലത്ത്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വാർഡിലെ നേഴ്‌സുമാരടക്കം തങ്ങളുടെ ഊഴമനുസരിച്ച്‌ രോഗികളെ പരിചരിച്ചിരുന്നു. ശുചീകരണത്തൊഴിലാളികൾ മുതൽ ഡോക്ടർമാർ വരെയുള്ളവർക്ക്‌  കൃത്യമായി പരിശീലനം നൽകി. മെഡിക്കൽ കോളേജിൽ പേ വാർഡ്‌ നിപാ രോഗികൾക്കായി മാറ്റിവച്ചിരുന്നു. ടെസ്‌റ്റ്‌ ഫലം കാത്തിരിക്കുന്നവർ, രോഗം സ്ഥിരീകരിച്ചവർ, ലക്ഷണങ്ങളുള്ളവർ തുടങ്ങിയ എല്ലാവരും പേ വാർഡിലായിരുന്നു.

എന്നാൽ, കോവിഡ്‌–-19 രോഗികൾക്ക്‌ ഇപ്പോഴും ഇവിടെ ഐസൊലേഷൻ സംവിധാനം  ഒരുക്കിയിട്ടില്ല. രോഗം നിയന്ത്രിക്കാനുള്ള നയമോ പ്രോട്ടോക്കോളോ ഇല്ല.

ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഇപ്പോൾത്തന്നെ 35 കോവിഡ്‌–-19 പോസിറ്റീവ്‌ കേസുകളുണ്ട്‌. രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്‌–-

എറണാകുളം സ്വദേശിനിയുടെ വാക്കുകളിൽ ആശങ്ക വ്യക്തം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top