23 April Friday
തിരുവനന്തപുരത്ത്‌ സ്ഥാനാർഥികളെ തേടി കോൺഗ്രസ്‌

യുഡിഎഫിലെ അധിക സീറ്റ്‌ കോൺഗ്രസും ലീഗും പങ്കിടും ; ഘടകകക്ഷികളുടെ അവകാശവാദം തള്ളി

പ്രത്യേക ലേഖകൻUpdated: Saturday Feb 27, 2021


തിരുവനന്തപുരം
യുഡിഎഫിലെ അധിക സീറ്റ്‌ കോൺഗ്രസും മുസ്ലിംലീഗും പങ്കിടും. കൂടുതൽ സീറ്റിനുള്ള കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌, ആർഎസ്‌പി, സി പി ജോണിന്റെ സിഎംപി, കേരള കോൺഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ എന്നിവയുടെ അവകാശവാദം തള്ളിയാണ്‌ ഇരുകക്ഷികളും അധിക സീറ്റ്‌ പങ്കിട്ടെടുക്കുന്നത്.

15 സീറ്റ്‌ ആവശ്യപ്പെട്ട പി ജെ ജോസഫിനെ‌ പരാമവധി ഒമ്പതിലൊതുക്കും. കോവിഡ്‌ ബാധിതനായി ചികിത്സയിലുള്ള ജോസഫിനെ ടെലിഫോണിൽ ഇക്കാര്യം അറിയിച്ചു. ആശുപത്രിയിലായതിനാൽ ചർച്ചകളിൽ ജോസഫിന്‌ പങ്കെടുക്കാനാകില്ല. ഈ അവസരം മുതലെടുത്ത്,‌ ജോസഫിനെ സമ്മർദത്തിലാക്കി, മോൻസ്‌ ജോസഫുമായി ധാരണയിലെത്തി  തർക്കം പരിഹരിക്കാനാണ് ശ്രമം.  മോൻസ്‌ ജോസഫ്‌, ജോയി എബ്രഹാം എന്നിവരുമായി തിങ്കളാഴ്‌ച കോൺഗ്രസ്‌ നേതൃത്വം സീറ്റ്‌ ചർച്ച നടത്തും. ജോസഫ്‌ കടുംപിടിത്തം തുടർന്നാൽ പ്രശ്‌നം സങ്കീർണമാകും.

ജോസ്‌ കെ മാണി, എൽജെഡി കക്ഷികൾ മുന്നണിവിട്ടത്‌ വഴിയുള്ള അധിക സീറ്റുകളാണ്‌ കോൺഗ്രസും മുസ്ലിംലീഗും വീതിച്ചെടുക്കുന്നത്‌. ലീഗിന്‌ രണ്ട്‌ അല്ലെങ്കിൽ മൂന്ന്‌ എന്നാണ്‌ ധാരണ. ചില സീറ്റുകൾ വച്ചുമാറും. ഏഴ്‌ സീറ്റ്‌ ചോദിച്ച ആർഎസ്‌പിയോട്‌ ഒന്നും നൽകില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ തവണ എ എ അസീസ്‌ മത്സരിച്ച ഇരവിപുരം കോൺഗ്രസ്‌ പിടിച്ചെടുക്കും.

ഇതുവരെ ജയിച്ചിട്ടില്ലാത്ത സി പി ജോണിന്‌ ജയസാധ്യതയുള്ള  സീറ്റ്‌ നൽകിയേക്കും‌. മുസ്ലിംലീഗ്‌ വിട്ടുകൊടുക്കുന്ന സീറ്റാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. ജോണിന്റെ സിഎംപിക്കും കേരള കോൺഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പിനും ഒരു സീറ്റ്‌ വീതം നൽകും. ഫോർവേഡ്‌ ബ്ലോക്കിനും ഒരു സീറ്റ്‌ നൽകും.

സ്ഥാനാർഥികളെ തേടി കോൺഗ്രസ്‌
തിരുവനന്തപുരത്ത്‌  സ്ഥാനാർഥികളാകാൻ പ്രമുഖരുടെ പിന്നാലെ നടക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും. വട്ടിയൂർക്കാവിൽ മത്സരിക്കാൻ വേണുരാജാമണി, ഗായകൻ ജി വേണുഗോപാൽ, നടൻ മണിയൻ പിള്ള രാജു, മുൻ ചീഫ്‌ സെക്രട്ടറി ജിജി തോംസൺ എന്നിവരോട്‌ ചെന്നിത്തല നേരിട്ട്‌ ആവശ്യപ്പെട്ടു. ആരും സമ്മതം മൂളിയിട്ടില്ല.

നയതന്ത്ര പ്രതിനിധിയായിരുന്ന വേണുരാജാമണിയിൽ സമ്മർദം തുടരുകയാണ്‌. അടുത്ത ആഴ്‌ച സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞെങ്കിലും എ–-ഐ വീതംവയ്‌പ്പിനാണ്‌ സാധ്യത‌. നിലവിലുള്ള എംഎൽഎമാർക്കെല്ലാം വീണ്ടും സീറ്റ്‌ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top