28 January Tuesday

ആലുവ നടപ്പാലം: ആറുകോടിയുടെ കരാർ 18 കോടിയായത‌് എങ്ങനെ

ഇ എസ‌് സുഭാഷ‌്Updated: Friday Jun 21, 2019

കൊച്ചി > ആലുവ ശിവരാത്രി മണപ്പുറത്തേക്ക‌് നടപ്പാലം നിർമിച്ചപ്പോൾ കരാറുകാരായ കടലാസ‌്കമ്പനി ഖജനാവിൽനിന്ന‌്  ഊറ്റിയത‌് കോടികൾ. ലംപ‌്സം കരാർ  പ്രകാരം നയാപൈസ കൂട്ടിക്കൊടുക്കാൻ വ്യവസ്ഥയില്ല. എന്നിട്ടും 11 കോടിയോളം രൂപയാണ‌് അധികം നൽകിയത‌്. അതാകട്ടെ വിദഗ‌്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയും. 

നിശ‌്ചിത തുകയ‌്ക്ക‌് പണി തീർത്തുകൊടുക്കണമെന്ന വ്യവസ്ഥയിൽ നൽകുന്നതാണ‌് ലംപ‌്സം കരാർ. ടേൺകീ കരാർ എന്നും ഇത‌് അറിയപ്പെടുന്നു. ശിവരാത്രിക്ക‌് എത്തുന്ന ഭക്തജനങ്ങൾക്ക‌് കൊട്ടാരക്കടവിൽനിന്ന‌് മണപ്പുറംവരെ പോകാൻ സ്ഥിരം നടപ്പാലം പണിയാൻ ഈ കരാർ പ്രകാരം സിഗറോ ഇൻകൽ കൺസോർഷ്യം എന്ന കമ്പനിക്ക‌് യുഡിഎഫ‌് സർക്കാർ വാഗ‌്ദാനം ചെയ‌്തത‌് ആറു കോടിയാണ‌്. നാട്ടുകാരൻ തന്നെയായ പൊതുമരാമത്ത‌് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി രമേശ‌് ചെന്നിത്തല 2015 സെപ‌്തംബർ 15ന‌് കല്ലിട്ടു. അഞ്ചര മാസംകൊണ്ട‌് പാലംപണി തീർന്നപ്പോഴേക്കും തുക മൂന്നിരട്ടിയോളം വർധിച്ച‌് 17 കോടിയിലെത്തി. ഇത‌് എങ്ങനെയെന്നത‌് ദുരൂഹം. ഇതേപ്പറ്റി ഒരു വിശദീകരണവും പൊതുമരാമത്ത‌് വകുപ്പ‌് ഉദ്യേഗസ്ഥർക്കില്ല. ചോർത്തിയ കോടികൾ പലതും ഉന്നതങ്ങളിലേക്ക‌് എത്തിയെന്നും പറയെപ്പെടുന്നു. കേവലം ഒരു നടപ്പാലത്തിന്റെ  ഉദ‌്ഘാടനത്തിന‌് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെ എം മാണിയുടക്കം പ്രമുഖരുടെ നിരതന്നെ എത്തിയതും ദുരൂഹം. 

 

പൊതുമരാമത്ത‌് വകുപ്പ‌് തുടങ്ങിയ മറ്റാരു ടെൻഡർ നടപടി പൂഴ‌്ത്തിയായിരുന്നു ദുരൂഹത സൃഷ‌്ടിച്ച‌്  ഈ നടപ്പാലം നിർമാണം നടപ്പാക്കിയത‌്. ആലുവ സെൻട്രൽ സർക്കിൾ റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് സൂപ്രണ്ടിങ‌് എൻജിനിയർ ആരംഭിച്ച ആ ടെൻഡർ നടപടി എവിടെ എത്തിയെന്ന‌് ആർക്കും അറിയില്ല.  തുടക്കംമുതൽ സംശയം ജനിപ്പിക്കുന്നതായിരുന്നു നടപടികളെല്ലാം. സാങ്കേതിക അനുമതി പോലും ഇല്ലാതെയാണ‌് ഭരണാനുമതിയും പ്രത്യേക അനുമതിയും നൽകിയത‌്.  പൊതുമരാമത്ത‌് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ചേംബറിൽ ചേർന്ന യോഗത്തിലാണ‌്  നടപ്പാലത്തിന‌് തീരുമാനമുണ്ടായത‌്. 

പാലം നിർമാണത്തിനുള്ള ടെൻഡർ നടപടികളിലും വേണ്ട ജാഗ്രത സർക്കാർ കാണിച്ചില്ല. ടെൻഡർ ക്ഷണിച്ചുകൊണ്ട‌് വ്യാപകമായ പരസ്യം നൽകിയില്ല. രണ്ട‌ു കമ്പനികൾ മാത്രമേ ടെൻഡറിൽ പങ്കെടുത്തുള്ളുവെന്നത‌് ദുരൂഹമാണ‌്. ഈ  കമ്പനികൾ രണ്ടും ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ‌്. കരാറെടുത്ത സിഗറോ ഇൻകൽ കൺസോർഷ്യത്തിനു പുറമെ കെ വി ജോസഫ‌് ആൻഡ‌് സൺസ‌് എന്ന കമ്പനിയുമാണ‌് ടെൻഡർ നൽകിയത‌്. ഇതിൽ ഒരു കമ്പനി ക്വോട്ട‌് ചെയ‌്ത തുകയ‌്ക്ക‌് കരാർ ഉറപ്പിച്ചു. ഇതിൽ ഉദ്യോഗസ്ഥരുടെ ന്യായങ്ങളും വിചിത്രം. ആറ‌് ദശകത്തിനിടെ  പിഡബ്ല്യുഡി ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ‌്തിട്ടില്ലെന്നും  അതിനാൽ ചെലവ‌് താരതമ്യപ്പെടുത്താൻ കഴിയില്ലെന്നുമാണ‌് റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് ചീഫ‌് എൻജിനിയർ പറഞ്ഞത‌്. എസ‌്റ്റിമേറ്റ‌് തുക സംബന്ധിച്ച‌് വിദഗ‌്ധരുടെ അഭിപ്രായം  തേടിയുമില്ല. കരാർ ഉറപ്പിച്ച‌് പണം അനുവദിച്ച കാലംവരെയുള്ള മുഴുവൻ ഫയലുകളും പിടിച്ചെടുക്കണമെന്ന‌് പൊതുപ്രവർത്തകൻ ഖാലിദ‌് മുണ്ടപ്പിള്ളി വിജിലൻസ‌് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top