15 December Sunday

യുഡിഎഫ് ഭരണസമിതി കെട്ടിടാനുമതി നൽകിയില്ല; പ്രവാസി സഹോദരങ്ങൾ ആത്മഹത്യാ മുനമ്പിൽ

പി കെ സുമേഷ്Updated: Saturday Jun 29, 2019

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതു വർഷമായി കെട്ടിട നമ്പർ നൽകാത്ത പ്രവാസി സഹോദരങ്ങളുടെ ഇരുനില കെട്ടിടം

പട്ടാമ്പി> പഞ്ചായത്ത് കെട്ടിടത്തിന് അനുമതി നൽകാത്തതുമൂലം പ്രവാസി സഹോദരങ്ങൾ കടം കയറി ആത്മഹത്യ മുനമ്പിൽ. യുഡിഎഫ് നേതൃത്വം നൽകുന്ന വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെതാണ് നടപടി. വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർമ്മിച്ച ഇരു നില കെട്ടിടത്തിനാണ് ഒമ്പതു വർഷമായി കെട്ടിട നമ്പർ ലഭിക്കാതെ സഹോദരങ്ങൾ ദുരിതത്തിലായത്.

വിദേശത്ത് മൂന്നര പതിറ്റാണ്ട് കാലം കഷ്ടപ്പെട് ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് ഉപയോഗിച്ച് 2009ൽ വല്ലപ്പുഴ തിരുണ്ടിക്കൽ ഹംസയും സഹോദരൻ യുസഫും വല്ലപ്പുഴയിൽ സ്ഥലം വാങ്ങി കെട്ടിടം നിർമ്മാണം ആരംഭിച്ചത്. ഇതിനായി ബാങ്കിൽ നിന്നും 50 ലക്ഷം രൂപ വായ്പയും എടുത്തു. കെട്ടിടത്തിലെ മുറികൾ വാടകക്ക് നൽകി ശേഷിച്ച കാലം നാട്ടിൽ ജീവിക്കാം എന്നു കരുതിയായിരുന്നു പണം മുടക്കിയത്.

കടം വാങ്ങിയ തുകക്ക് പലിശ നൽകി കയ്യിലുണ്ടായിരുന്ന മറ്റു സമ്പാദ്യവും നഷ്ടമായി. ഇതിനകം കെട്ടിടത്തിനായി രണ്ടു കോടിയോളം രൂപ ചിലവായി കഴിഞ്ഞു. ഇനി എന്തു ചെയ്യാനാണെന്ന ചിന്തയിലാണ് ഇരുവരും. യുഡിഎഫ് നേതൃത്വം നൽകുന്ന വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് ഇവർക്ക് കെട്ടിടത്തിന് നമ്പർ നൽകാതിരിക്കാൻ ഉന്നയിച്ച വാദങ്ങൾ നിരവധിയാണ്. ആദ്യഘട്ടത്തിൽ മൂന്ന് നില കെട്ടിടം പണിയാനായിരുന്നു ഹംസയും, യൂസഫും പദ്ധതി ഇട്ടിരുന്നത്.

എന്നാൽ ഫയർ ആന്റ് സെഫ്റ്റി പർമിഷൻ ആവശ്യമായതിനാൽ കെട്ടിടം രണ്ടു നിലയിക്കാം എന്ന് ഇരുവരും തിരുമാനിക്കുകയായിരുന്നു. നമ്പറിന് അപേക്ഷിച്ചപ്പോൾ ആദ്യം റോഡിൽ നിന്നും കെട്ടിടത്തിലേക്ക് വേണ്ട ദൂരം പാലിച്ചിട്ടില്ല എന്നതായിരുന്നു വാദം. ഇത് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ റോഡിന് അപ്പുറത്തുള്ള റെയിവേ യുടെ അനുമതി അശ്യപ്പെട്ടു. അത് ഹാജരാക്കിയപ്പോൾ പി ഡബ്ലിയു ഡി യുടെ അനുമതിയും തുടർന്ന് സമീപവാസികളുടെ അനുമതിയും ആവശ്യപ്പെട്ടു. ഇവയെല്ലാം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.

പിന്നീട് ഓംബുഡ്സ്മാനിൽ പരാതി എത്തി. തുടർന്ന് സ്ഥലം താലൂക്ക് സർവ്വേയറെ കൊണ്ടുവന്ന് അളന്ന് കെട്ടിടം റോഡിൽ നിന്നും മൂന്നു മീറ്ററുണ്ടെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ടൗൺ പ്ലാനറുടെ റിപ്പോർട്ടുകൂടി കിട്ടട്ടെ എന്ന വാശിയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതർ. സെക്രട്ടറിയുടെ അധികാര പരിധിയിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയം ഇപ്പോൾ ഗ്രാമ പഞ്ചായത്ത് ടൗൺ പ്ലാനറുടെ റിപ്പോർട്ടിനായി അയച്ചിരിക്കുകയാണ്.

കെട്ടിടത്തിന് നമ്പർ ലഭിക്കാനുള്ള കാത്തിരിപ്പിന് ഉടനെ പരിഹാരമായില്ലെങ്കിൽ രണ്ടു കടുംബങ്ങളുടെ ജീവിതമാണ് ഇവിടെ ഇല്ലാതാവുക. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് വിദേശ മണ്ണിലൊഴുക്കിയ വിയർപ്പിന് എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top