24 October Thursday

യുഡിഎഫ‌് കൺവൻഷനില്‍ സംഘർഷം ; ജോസഫിനെ കൂകിയോടിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 6, 2019

കൺവൻഷൻ വേദിയിൽനിന്ന്‌ യുഡിഎഫ്‌ നേതാക്കളുടെ സംരക്ഷണത്തിൽ പി ജെ ജോസഫ്‌ പുറത്തേക്ക്‌ പോകുന്നു


പാലാ
കേരള കോൺഗ്രസിലെ തർക്കം പാലായിലെ യുഡിഎഫ്‌ നിയോജക മണ്ഡലം കൺവൻഷനെ സംഘർഷത്തിലാക്കി.  പി ജെ ജോസഫിനെയും കൂട്ടരെയും ജോസ‌് കെ മാണി വിഭാഗം കൂകിവിളിച്ചു.  കൈയേറ്റം ചെയ്യാനും ശ്രമിച്ചു.  പൊലീസും യുഡിഎഫ്‌  നേതാക്കളും വലയം തീർത്താണ്‌ ഇവരെ രക്ഷിച്ചത്‌.  യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ തുടക്കത്തിലേ അവതാളത്തിലായി. പാലായിൽ മൂന്നു പതിറ്റാണ്ടിനിടെ രണ്ടില ചിഹ്നമില്ലാതെ മത്സരിക്കേണ്ട അവസ്ഥ  പ്രവർത്തകരെ  നിരാശരാക്കി.  

സൂക്ഷ‌്മ പരിശോധനയ‌്ക്കുശേഷം സ്ഥാനാർഥി ജോസ‌് ടോമിന‌് രണ്ടില ചിഹ‌്നം നൽകാനാവില്ലെന്ന‌്  വരണാധികാരി അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു യുഡിഎഫ‌് കൺവൻഷൻ.  പാലാ ടിബിയിൽനിന്നും ഉമ്മൻചാണ്ടി, രമേശ്‌ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പമാണ‌് പി ജെ ജോസഫ‌് എത്തിയത‌്. ജോസഫിനെ കണ്ടതോടെ പ്രവർത്തകർ ഗോബാക്ക്‌ വിളി തുടങ്ങി.  വേദിയിലേക്ക്‌ എത്തുമ്പോൾ കൂകിവിളിയും അസഭ്യവർഷവും ഉയർന്നു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവർത്തിച്ച‌് ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ അടങ്ങിയില്ല.

ജോസഫിനെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ കൂകിവിളി പാരമ്യത്തിലെത്തി.  തടസ്സപ്പെടുത്താൻ അസഭ്യവർഷവുമായി വേദിക്കുമുന്നിലേയ‌്ക്ക‌് പ്രവർത്തകർ ഇരച്ചെത്തി.  പ്രസംഗം തുടർന്ന ജോസഫിനോട്‌ ഇറങ്ങിപ്പോകാൻ സദസ്സിൽനിന്നും ചിലർ വിളിച്ചുപറഞ്ഞു. ‘സ്ഥാനാർഥിയോട‌് സ‌്നേഹമുള്ളവരാണ‌് പറഞ്ഞതെന്ന‌് കരുതുന്നില്ലെന്നാ’യിരുന്നു ജോസഫിന്റെ പ്രതികരണം.  ജോസഫിന്റെ പ്രസംഗം അവസാനിക്കുന്നതുവരെ കൂവൽതുടർന്നു.

പി ജെ ജോസഫും ജോസ‌് കെ മാണിയും  മിണ്ടിയില്ല.  കൺവൻഷനുശേഷം ചെന്നിത്തലയുടെ അംഗരക്ഷകരടക്കം വലയം തീർത്താണ്‌  ജോസഫിനെയും മോൻസ്‌ ജോസഫിനെയും വാഹനത്തിൽ കയറ്റിവിട്ടത്‌. കാറിന‌ുപിന്നാലെയും അസഭ്യവർഷം തുടർന്നു.

യുഡിഎഫിനെ ജോസഫ്‌ ദുർബലപ്പെടുത്തിയതായി  നേരത്തേ ജോസ്‌ പറഞ്ഞപ്പോൾ ജോസിന്റെ അഭ്യാസമൊന്നും  നടക്കില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. തെര. കമീഷനും കോടതിയും ജോസഫിന്റെ നേതൃത്വം അംഗീകരിച്ചിട്ടും യുഡിഎഫ്‌ നേതൃത്വം പ്രശ്‌നം പരിഹരിക്കാൻ ഇടപെടാത്തതിൽ ജോസഫ്‌ വിഭാഗത്തിന്‌ കടുത്ത അമർഷമുണ്ട്‌. മുതിർന്ന നേതാവ്‌ സി എഫ്‌ തോമസ്‌ എംഎൽഎ  കൺവൻഷനിൽനിന്നും വിട്ടു നിന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top