പെരുമ്പാവൂർ> മുടക്കുഴ പഞ്ചായത്തിൽ യുഡിഎഫിന് പ്രസിഡന്റിനെ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ജിഷാ സോജൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രസിഡന്റ് ഷൈമി വർഗീസ് മുൻ ധാരണപ്രകാരം തൽസ്ഥാനം രാജിവെച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്ര അംഗമായി വിജയിച്ച മിനി ഷാജിയുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് ഭരിച്ചിരുന്നത്.
അവസാന ഒന്നര വർഷം മിനി ഷാജിക്ക് പ്രസിഡൻറ് സ്ഥാനം വാഗ്ദാനം ചെയ്തത് പ്രകാരമാണ് ഷൈമി വർഗീസ് രാജിവെച്ചത്.13 അംഗ പഞ്ചായത്തിൽ 6 യുഡിഎഫ് ,5 എൽഡിഎഫ്, ബിജെപി 1, സ്വതന്ത്ര 1 എന്നാണ് കക്ഷിനില. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി മിനി ഷാജിക്കെതിരെ കോൺഗ്രസ് അംഗമായ ജിഷാ സോജൻ മത്സരിക്കുകയായിരുന്നു. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ആറ് വീതം വോട്ടുകൾ നേടി ഇരുവരും തുല്യത പാലിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ ജിഷാ സോജൻ വിജയിച്ചു.
നിലവിലുണ്ടായിരുന്ന പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഏകാധിപത്യ പ്രവണതയിലും ധിക്കാരപൂർവ്വമായ പെരുമാറ്റത്തിലും വ്യാപക പ്രതിഷേധമാണ് നിലനിന്നിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം കുത്തഴിഞ്ഞ ഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പോലും അമർഷമായിരുന്നു. ഗ്രൂപ്പ് പോരും തമ്മിൽ തല്ലും കാരണം നിരവധി വികസന പദ്ധതികളാണ് പാഴായിപ്പോയത്.ഇവരോടുള്ള പ്രതിഷേധം കൊണ്ടാണ് ജിഷാ സോജൻ മത്സര രംഗത്തേയ്ക്ക് വന്നത്.