15 December Sunday

കേരളത്തിന്റെ നിപാ പ്രതിരോധം കാലിഫോർണിയ യൂണിവേഴ‌്സിറ്റി വെബ‌്സൈറ്റിലും; "ദേശാഭിമാനി' വാരാന്തപതിപ്പ‌് പേജിനും ഇടം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

കണ്ണൂർ > നിപയെ വിജയകരമായി പ്രതിരോധിച്ച സംസ്ഥാന സർക്കാരിനെക്കുറിച്ച‌് യൂണിവേഴ‌്സിറ്റി ഓഫ‌് കാലിഫോർണിയ ഡേവിസ‌് ഔദ്യോഗിക വെബ‌്സൈറ്റിൽ പരാമർശം. കാലിഫോർണിയ നാഷണൽ പ്രിമേറ്റ‌് റിസർച്ച‌് ചീഫ‌് വൈറോളജിസ‌്റ്റ‌് ഡോ. കോയേൻ വാൻ റോംപെ നടത്തിയ കേരള സന്ദർശനത്തെക്കുറിച്ചുള്ള വിവരണത്തിലാണ‌് സർക്കാരിന്റെ ഇടപെടലിനെ പ്രശംസിക്കുന്നത‌്.

കണ്ണൂർ യൂണിവേഴ‌്സിറ്റി ക്ഷണപ്രകാരമാണ‌് ഡോ. റോംപെ കേരളത്തിലെത്തിയത‌്. സംസ്ഥാന സർക്കാരും ഡോക്ടർമാരും എടുത്ത സമയോചിത നടപടിക‌ളാണ‌് നിപ മരണസംഖ്യകൂടാതിരിക്കാൻ കാരണമെന്ന‌് കുറിപ്പിൽ പറയുന്നു. പകർച്ചവ്യാധി പടരുമ്പോൾ കൂടുതൽ ജാഗ്രത കാണിക്കുന്ന ഭരണസംവിധാനവും വ്യാജവാർത്തകളിലൂടെ പരിഭ്രാന്തി പടർത്തുന്ന ഭരണസംവിധാനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും വിവരണത്തിലുണ്ട‌്.

വിവരണം ഈ ലിങ്കിൽ വായിക്കാം:

പൊതുജനങ്ങളിൽ അവബോധം സൃഷ‌്ടിക്കുന്നതിലും ചികിത്സാസംവിധാനങ്ങളിൽ ജാഗ്രതപുലർത്തുന്നതിലും സർക്കാർ മികച്ച പ്രവർത്തനമാണ‌് നടത്തുന്നതെന്ന‌് അദ്ദേഹം  വിലയിരുത്തി. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത‌് ഒരുങ്ങുന്ന വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിനെക്കുറിച്ചും വിവരണത്തിൽ പറയുന്നു. പകർച്ച വ്യാധികളെ പഠിക്കുന്നതിലും പ്രതിരോധ വാക‌്സിൻ നിർമിക്കുന്നതിലും ഇൻസ‌്റ്റിറ്റ്യൂട്ട‌്  വൻ സാധ്യതകളാണ‌് മുന്നോട്ട‌് വയ‌്ക്കുന്നതെന്നും വിവരണത്തിലുണ്ട‌്.

ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളെ കണ്ടതും ഡോ. റോംപെ പറയുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനും വാക്കുകൾക്കും വൻപ്രചാരം ലഭിച്ചു. പകർച്ച വ്യാധികളെക്കുറിച്ച‌് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള മികച്ച സാധ്യതയായാണ‌് അദ്ദേഹത്തിന്റെ സന്ദർശനത്തെ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത‌്. ജൂൺ 15ന്റെ ദേശാഭിമാനി  വാരാന്തപതിപ്പ‌് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഡോ. റോംപെയുടെ അഭിമുഖത്തിന്റെ ചിത്രവും വെബ‌്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. കേരളത്തിലെ ശാസ‌്ത്രജ്ഞരോടും  ഗവേഷകരോടും വിദ്യാർഥികളോടും നേരിട്ട‌് സംവദിക്കാൻ ലഭിച്ച അവസരം മികച്ച അനുഭവമാണെന്നും കുറിപ്പിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top