08 December Sunday

വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത്‌ സർക്കാർ പരിശോധിക്കും

പ്രത്യേക ലേഖകൻUpdated: Sunday Nov 3, 2019

തിരുവനന്തപുരം > കോഴിക്കോട്ട്‌ മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത്‌ സർക്കാർ പരിശോധിക്കും.  ഇത്തരം കേസുകളിൽ സർക്കാരിന്റെയും ഹൈക്കോടതി റിട്ട. ജഡ്‌ജി പി എസ്‌ ഗോപിനാഥൻ അധ്യക്ഷനായ പരിശോധനാസമിതിയുടെയും അംഗീകാരത്തോടെമാത്രമേ കുറ്റപത്രം സമർപ്പിക്കാൻ കഴിയൂ. യുഡിഎഫ്‌ സർക്കാർ യുഎപിഎ വകുപ്പ്‌ ചുമത്തിയ ആറ്‌ കേസുകൾ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം റദ്ദാക്കിയിരുന്നു.  ഒമ്പത്‌ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ അംഗീകാരം നൽകിയിട്ടുമില്ല. ഇതിൽ ഏഴും  മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ രജിസ്റ്റർ ചെയ്‌തതാണ്‌.

യുഎപിഎ ചുമത്തുന്നതിന്‌ വ്യക്തമായ മാനദണ്ഡമുണ്ട്‌. ജില്ലാ പൊലീസ്‌ മേധാവിയുടെ അനുമതിയോടുകൂടിയാണ്‌ കേസ്‌ എടുക്കേണ്ടത്‌. ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി പ്രോസിക്യൂഷൻ അനുമതിയും നിയമോപദേശവും ലഭിച്ചതിനുശേഷം സർക്കാരിന്റെ അനുമതിയോടുകൂടിയാണ്‌ അന്തിമതീരുമാനം എടുക്കേണ്ടത്‌. ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നത്‌ അവലോകനം നടത്തുന്നതിനായി 2018 ജനുവരി അഞ്ചിനാണ്‌ റിട്ട. ഹൈക്കോടതി ജഡ്‌ജി പി എസ്‌ ഗോപിനാഥൻ അധ്യക്ഷനായി സമിതിയെ നിയമിച്ചത്‌. നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരസുരക്ഷാ വിഭാഗം ഐജി എന്നിവർ അംഗങ്ങളാണ്‌. ഈ സമിതിയുടെ ശുപാർശപ്രകാരം മാത്രമേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയുള്ളൂ. പൊലീസ്‌ യുഎപിഎ ചുമത്തിയാലും സർക്കാരിന്റെ അനുമതി കിട്ടിയാൽമാത്രമേ കേസ്‌ നിലനിൽക്കുകയുള്ളൂ.

യുഡിഎഫ്‌ സർക്കാർ യുഎപിഎ ചുമത്തിയ ആറു കേസുകളിൽ രണ്ട്‌ എണ്ണം കോഴിക്കോട്‌ സിറ്റിയിലും രണ്ട്‌ എണ്ണം തൃശൂർ ജില്ലയിലുമാണ്‌. കണ്ണൂർ, പാലക്കാട്‌ ജില്ലകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്‌തു. 2015, 2016 കാലത്തായിരുന്നു ഇത്‌. ഈ ആറ്‌ കേസുകളാണ്‌ എൽഡിഎഫ്‌  സർക്കാർ റദ്ദാക്കിയത്‌.


പ്രധാന വാർത്തകൾ
 Top