16 February Saturday

വേട്ടയാടൽ ; തെൽതുംബ‌്ഡെക്കെതിരെ യുഎപിഎ കേസ‌്, വിചാരണ നടത്താതെ ജയിലിലിടാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

മഹാരാഷ‌്ട്രയിലെ യെവത‌്മൽ സ്വദേശിയായ തെൽതുംബ‌്ഡെ നിലവിൽ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറാണ‌്. പ്രമുഖ അക്കാദമിക‌്–-പൊതുമേഖല കോർപറേറ്റ‌് സ്ഥാപനങ്ങളിൽ 40 വർഷത്തിലേറെയായി  പ്രവർത്തിക്കുന്നു. ബിഗ‌് ഡാറ്റ വിശകലനവിദഗ‌്ധനായ തെൽതുംബ‌്ഡെ നേരത്തെ ഗൊരഖ‌്പുർ ഐഐടിയിൽ പ്രൊഫസറായിരുന്നു. ഭാരത് പെട്രോളിയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പെട്രോനെറ്റിന്റെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 26 പഠനഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പതിവായി സാമൂഹികവിഷയങ്ങൾ എഴുതിവരുന്നു.

ന്യൂഡൽഹി
പ്രമുഖ ദളിത‌് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ‌് തെൽതുംബ‌്ഡെക്കെതിരെ  പുണെ പൊലീസ‌്  കേസ‌് രജിസ‌്റ്റർ ചെയ‌്തത‌് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ.  കഴിഞ്ഞ വർഷം ജനുവരി ഒന്നിന‌് പുണെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘർഷത്തിന്റെപേരിൽ ധൈഷണികരെയും അഭിഭാഷകരെയും സാമൂഹ്യപ്രവർത്തകരെയും ബിജെപി വേട്ടയാടുന്നതിന്റെ ഭാഗമായാണ‌്   തെൽതുംബ‌്ഡെയെയും പീഡിപ്പിക്കുന്നത‌്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറായ തെൽതുംബ‌്ഡെയെ ഊമക്കത്തുകളുടെ പേരിലാണ‌് യുഎപിഎ പ്രകാരം  കള്ളക്കേസിൽ കുടുക്കിയത‌്.

തെൽതുംബ‌്ഡെയ‌്ക്കെതിരായ  അടിച്ചമർത്തൽ നീക്കത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന‌് ശക്തമായ പ്രതിഷേധം  ഉയർന്നു. എഫ‌്ഐആർ പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് രാജ്യവ്യാപകമായി  ഒപ്പുശേഖരണം ആരംഭിച്ചു.

200 വർഷം മുമ്പ‌് പേഷ്വാ ബാജിറാവു രണ്ടാമനെതിരെ നേടിയ കൊറേഗാവ് യുദ്ധവിജയത്തെ ദളിതരുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലായി പ്രഖ്യാപിച്ചാണ‌് കഴിഞ്ഞവർഷം പുതുവർഷപ്പുലരിയിൽ എൽഗർ പരിഷത്ത‌് എന്ന സംഘടന സംഗമം സംഘടിപ്പിച്ചത‌്. തുടർന്നുണ്ടായ സംഘർഷവും ആക്രമണങ്ങളും  ആസൂത്രിതമായിരുന്നെന്ന‌് മഹാരാഷ്ട്ര സർക്കാർ ആരോപിച്ചിരുന്നു.  സംഭവത്തിൽ പങ്കുണ്ടെന്ന‌് കാട്ടി പ്രൊഫ. സുധ ഭരദ്വാജ്, ഗൗതം നവ‌്‌ലഖ, അരുൺ ഫെരേര, പ്രൊഫ. സത്യനാരായണ, വരവര റാവു, സ്റ്റാൻ സ്വാമി, വെർണൻ ഗൊൺസാലസ‌് തുടങ്ങിയവർക്കെതിരെ കേസെടുത്തു. ഇവരുടെ താമസസ്ഥലങ്ങളിൽ റെയ‌്ഡ‌് നടത്തി. റെയ‌്ഡിൽ അഞ്ച‌് കത്തുകൾ കണ്ടെത്തിയെന്നും ഇവയിൽ ‘സ ആനന്ദ‌്’, ‘ആനന്ദ‌് ടി’, ‘ആനന്ദ‌്’ എന്നിങ്ങനെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ‌് തെൽതുംബ‌്‌ഡെയ‌്ക്കെതിരെ കേസെടുത്തത‌്.

കത്തുകളിൽ ഒന്നുപോലും തെൽതുംബ‌്ഡെയുടെ വസതിയിൽനിന്ന‌് കണ്ടെടുത്തതല്ല. തെൽതുംബ‌്ഡെ താമസിക്കുന്ന, ഗോവ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട‌് ക്വാർട്ടേഴ‌്സിൽ ആഗസ‌്ത‌് 28ന‌്  പൊലീസ് റെയ്ഡിനായി എത്തുമ്പോൾ അദ്ദേഹവും ഭാര്യയും ഒരു സെമിനാറിൽ പങ്കെടുക്കാനായി  മുംബൈയിലായിരുന്നു. ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡുകളെ ഭീഷണിപ്പെടുത്തി താക്കോൽ വാങ്ങിയാണ് പൊലീസുകാർ ക്വാർട്ടേഴ്സ‌് തുറന്നത്. ഡയറക്ടർ വരുന്നതുവരെ കാക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടിട്ടും പരിശോധന നടത്തി. അന്ന‌് തെൽതുംബ‌്ഡെക്കെതിരേ തെളിവൊന്നും ലഭിച്ചില്ല. കേസ‌് നിയമവിരുദ്ധമായി പൊലീസ‌് കെട്ടിച്ചമച്ചതാണെന്ന‌് തെൽതുംബ‌്ഡെ തുറന്ന കത്തിൽ പറഞ്ഞു. വിചാരണ  നടത്താതെ ദീർഘകാലം ജയിലിലടയ‌്ക്കാനാണ‌് ശ്രമം. അറസ്റ്റ‌്‌ ഒഴിവാക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

കേസ‌് പിൻവലിക്കണം: സിപിഐ എം
ന്യൂഡൽഹി
ദളിതരുടെയും അടിച്ചമർത്തപ്പെട്ട മറ്റു വിഭാഗങ്ങളുടെയും നിലപാടുകൾക്ക‌് നേതൃത്വം നൽകുന്നവരെ അടിച്ചമർത്താനുള്ള നടപടികൾ മോഡിസർക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകളും തീവ്രമാക്കിയെന്നാണ‌് ആനന്ദ‌് തെൽതുംബ‌്ഡെയെ പ്രതിയായി ചേർത്തതിൽനിന്ന‌് വ്യക്തമാകുന്നതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു.

സർക്കാരിന്റെ നയങ്ങളെയും പ്രവൃത്തികളെയും വിമർശനാത്മകമായി കാണുന്നവരെ ‘അർബൻ നക‌്സൽസ‌്’ എന്ന‌് വിശേഷിപ്പിച്ചാണ‌് അധികാരികൾ ആക്രമിക്കുന്നത‌്. പൗരത്വനിയമ ഭേദഗതിബില്ലിനെതിരെ ശബ്ദം ഉയർത്തിയ, ആദരണീയനും അസമിലെ മുതിർന്ന ധൈഷണികനുമായ ഹിരൺ ഗൊഗോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
ധൈഷണികർക്കും സാമൂഹ്യപ്രവർത്തകർക്കും നേരെയുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണ‌്. തെൽതുംബ‌്ഡെക്കെതിരായ കള്ളക്കേസ‌് പിൻവലിക്കണമെന്നും പിബി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top