09 August Sunday
സരിത്തിൽ നിന്ന്‌ സ്വർണം ഏറ്റുവാങ്ങുന്നത്‌ സന്ദീപ്‌

ബിജെപി നേതാവിന്റെ ഡ്രൈവർ; വളർച്ച ഞൊടിയിടയിൽ ; 3 തവണ കടത്തിയത്‌ 60 കോടിയുടെ സ്വർണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


തിരുവനന്തപുരം> സ്വർണക്കടത്തു കേസിലെ മുഖ്യകണ്ണിയെന്ന്‌ കസ്‌റ്റംസ്‌ കണ്ടെത്തിയ സന്ദീപ്‌നായർ ആഡംബര ജീവിതത്തിലേക്ക്‌ ഉയർന്നത്‌ ഞൊടിയിടയിൽ. തിരുവനന്തപുരം ചാലയിലെ ബിജെപി നേതാവിന്റെ ഡ്രൈവറായി ജോലിക്കെത്തിയ സന്ദീപ്‌ അവിടെനിന്ന്‌ ബിസിനസുകാരനായി വളർന്നു. പത്തുവർഷം മുമ്പ്‌ ദുബായിലേക്ക്‌ പോയി. തുടർന്നാണ്‌ സ്വർണക്കടത്ത്‌ സംഘവുമായി ബന്ധമുണ്ടാകുന്നത്‌. പിന്നീട്‌ ഇടയ്‌ക്കിടെയുള്ള വിദേശയാത്രകളും ഫൈവ്‌സ്‌റ്റാർ ഹോട്ടലുകളിലെ താമസവും ജീവിതത്തിന്റെ ഭാഗമായി.


 

കഴിഞ്ഞ ഡിസംബറിൽ‌ സ്വന്തമായി കാർബൺ ഡോക്ടർ വർക്‌ഷോപ്‌ എന്ന സ്ഥാപനം തുടങ്ങി‌. സിനിമാരംഗത്തടക്കമുള്ള പ്രമുഖരുമായി ബന്ധമുള്ള സന്ദീപ്‌ അടിക്കടി വിദേശയാത്രകൾ നടത്തിയിരുന്നു. കാറുകളോട്‌ കടുത്ത ഭ്രമമുള്ള ഇയാൾക്ക്‌ മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ രജിസ്‌ട്രേഷനിലുള്ള രണ്ട്‌ ബെൻസ്‌ കാറുണ്ട്‌. യുഎഇ കോൺസുലേറ്റിലെ ജോലിക്കിടെയാണ്‌ സ്വപ്‌ന ഇയാളെ പരിചയപ്പെടുന്നത്‌. തുടർന്ന്‌ ഇരുവരും ചേർന്ന്‌ നയതന്ത്ര പരിരക്ഷയോടെ സ്വർണക്കടത്തിന്‌ കളമൊരുക്കി. സരിത്തിന്‌ കോൺസുലേറ്റുമായുള്ള ബന്ധം സമർഥമായി ഉപയോഗിച്ചാണ്‌ ബാഗേജുകൾ വിമാനത്താവളത്തിൽനിന്ന്‌ ഏറ്റുവാങ്ങിയിരുന്നത്‌. പിന്നീട്‌ ഇത്‌ സന്ദീപിന്‌ രഹസ്യമായി കൈമാറും.

അരുവിക്കരയിലെ വീടിനു പുറമെ കരകുളം എട്ടാംകല്ലിൽ മിർ റിയൽട്ടേഴ്‌സിൽ 9ബി നമ്പർ ഫ്‌ളാറ്റും സന്ദീപിനുണ്ട്‌. കോട്ടയം സ്വദേശിയിൽനിന്ന്‌ 2019 മാർച്ചിലാണ്‌ ഇയാൾ ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്തത്‌. ബിസിനസ്‌ ആവശ്യങ്ങൾക്കായി സന്ദീപ്‌ ഇടയ്‌ക്കിടെ ഇവിടെ വന്നുപോകുമായിരുന്നുവെന്ന്‌ ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാർ പറഞ്ഞു. മിക്കപ്പോഴും സുഹൃത്തുക്കൾക്കൊപ്പമാണ്‌ എത്തിയിരുന്നത്‌. സ്വർണക്കടത്തിലെ മുഖ്യപ്രതി സരിത്തും ഇവിടെ എത്തിയിട്ടുള്ളതായാണ്‌ വിവരം. കഴിഞ്ഞ ഏപ്രിലിൽ ഭാര്യക്കൊപ്പം വന്ന്‌ അന്നുതന്നെ മടങ്ങിപ്പോയി. റസിഡന്റ്‌സ്‌ അസോസിയേഷനുമായോ അയൽവാസികളുമായോ സൗഹൃദമുണ്ടായിരുന്നില്ല. കാരക്കോണം മെഡിക്കൽ കോളേജിൽ നേഴ്‌സിങ്‌ വിദ്യാർഥിയായിരിക്കേയാണ്‌ സൗമ്യയുമായി സന്ദീപ്‌ പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ഏതാനും വർഷങ്ങളായി അരുവിക്കരയിലും മുടവൻമുകളിലുമായാണ്‌ താമസം.

3 തവണ കടത്തിയത്‌ 60 കോടിയുടെ സ്വർണം
നയതന്ത്ര പരിരക്ഷയിൽ അഞ്ച്‌ മാസത്തിനുള്ളിൽ   മൂന്നു തവണയായി‌ കടത്തിയത്‌ 60 കോടിയുടെ സ്വർണം. കടത്തിന്റെ മുഖ്യ ആസൂത്രണം സ്വപ്‌നയും സന്ദീപും ചേർന്നാണെന്നും സരിത്‌ കസ്റ്റംസിന്‌ മൊഴി നൽകി.  കഴിഞ്ഞവർഷം 12 പ്രാവശ്യം സമാനരീതിയിൽ സ്വർണം കടത്തിയതായും സരിത്‌ വെളിപ്പെടുത്തി. സ്വർണം കൊടുവള്ളിയിൽ എത്തിച്ച്‌ ഉരുക്കും. ഈ തുക ഉപയോഗിച്ചാണ്‌ അടുത്ത കടത്ത്‌.

വിമാനത്താവളത്തിൽനിന്ന്‌ ഏറ്റുവാങ്ങുന്ന ബാഗേജ്‌ മണക്കാട്‌ യുഎഇ കോൺസുലേറ്റിനുമുമ്പുള്ള നിശ്ചിത കേന്ദ്രത്തിൽ താനാണ്‌ എത്തിക്കുന്നതെന്നും സരിത്‌ അന്വേഷണ സംഘത്തോട്‌ പറഞ്ഞു. കേന്ദ്രം ഏതെന്ന്‌ സ്വപ്‌ന അറിയിക്കും. ഈ കേന്ദ്രത്തിൽവച്ച്‌ സന്ദീപ്‌ നായർക്ക്‌ സ്വർണം കൈമാറും. ഇവിടെനിന്ന്‌ കൊടുവള്ളിയിലേക്ക്‌ സ്വർണം എത്തിക്കും. നയതന്ത്ര പരിരക്ഷയുള്ള ബാഗായതിനാൽ ഒരിക്കലും പിടിക്കില്ലെന്ന ആത്മവിശ്വാസം സംഘത്തിനുണ്ടായിരുന്നു. സ്വർണക്കടത്തിലേക്ക്‌ തന്നെ കൊണ്ടുവന്നത്‌ സ്വപ്‌നയാണെന്നും സരിത്‌ മൊഴി നൽകി. യുഎഇ കോൺസുലേറ്റിൽവച്ചാണ്‌ സ്വപ്‌നയെ പരിചയപ്പെട്ടത്‌. സൗഹൃദം ആദ്യം അടുപ്പത്തിലേക്കും പിന്നീട്‌ കള്ളക്കടത്തിലേക്കും നയിച്ചു. സരിത്‌ കുടുങ്ങി എന്ന്‌ ഉറപ്പായതോടെ സ്വപ്‌നയും സന്ദീപും സുരക്ഷിതസ്ഥാനത്തേക്ക്‌ മാറി‌. കേസ്‌ നടത്തിപ്പ്‌ താൻ നോക്കിക്കൊള്ളാമെന്ന്‌ സരിത്തിന്‌ ഇവർ ഉറപ്പ്‌ നൽകിയിട്ടുണ്ട്‌. നേരത്തേ കടത്തിയ സ്വർണം വീണ്ടെടുക്കുക പ്രയാസമെന്നാണ്‌ കസ്റ്റംസിന്റെ നിഗമനം.

സന്ദീപ്‌നായർ സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിലും പ്രതി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന സന്ദീപ് നായര്‍ നെടുമങ്ങാട് മേഖലയിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കെതിരായ ആക്രമണങ്ങളിൽ പങ്കാളിയും പ്രതിയും.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുവേളയില്‍ നെടുമങ്ങാട്  മുക്കോലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്‌ ഇയാളടങ്ങുന്ന സംഘമാണ്‌.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ എ ബാഹുലേയന്റെ വലംകൈയായി നെടുമങ്ങാട്ട്‌ അറിയപ്പെട്ടിരുന്ന സന്ദീപ്  സിപിഐ എം അംഗമാണെന്ന പ്രചാരണം പ്രദേശവാസികളെയും അമ്പരപ്പിച്ചിരിക്കുകയാണ്‌.  മൂത്താംകോണം വാര്‍ഡിലാണ് സന്ദീപും അമ്മ ഉഷയും മുമ്പ് താമസിച്ചിരുന്നത്. അടുത്തിടെ പത്താംകല്ലില്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ആരംഭിച്ചാണ് നെടുമങ്ങാട് വീണ്ടുമെത്തിയത്. ബിജെപി നേതാക്കളുമായുള്ള ചങ്ങാത്തത്തിലാണ് സ്ഥാപനത്തിന്റെ ഒരുക്കം പൂര്‍ത്തിയാക്കിയത്. ഇയാളെയാണ് നെടുമങ്ങാട്ടെ സിപിഐ എം ബ്രാഞ്ച് അംഗമാണെന്ന പേരില്‍ പ്രചരിപ്പിച്ചത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top