Deshabhimani

ബംഗാളിൽ നിന്ന് കഞ്ചാവ് കടത്ത്: അതിഥി തൊഴിലാളികൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 06:53 PM | 0 min read

നിലമ്പൂർ > ബംഗാളിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികളായ അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ഒരു കിലോ 690 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കൊണ്ടുവരൻ ആവശ്യപ്പെട്ട പൂക്കോട്ടുംപടം സ്വദേശിയെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാളിൽ നിന്നും നിലമ്പൂരിലേക്ക് ട്രെയിൻ മാർ​ഗം കടത്തി കൊണ്ടു വന്ന കഞ്ചാവാണ്  നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ബർദമാൻ സ്വദേശികളായ മല്ലിക് അസദുള്ള, (53), ഭാര്യ ചാബില ബീവി (39) എന്നിവരെയാണ് ഇൻസ്‌പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികൾ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്റുമാരെകുറിച്ചും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്പി പി കെ സന്തോഷിന്റെ നിർദ്ദേശപ്രകാരം  നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം വെച്ചാണ് പ്രതികൾ പിടിയിലായത്. നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാർക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

മൂന്ന് വർഷത്തോളമായി ഇവർ നിലമ്പൂരിൽ താമസിച്ചു വരുന്നു. അസദുള്ള നിർമ്മാണ തൊഴിലാളിയാണ്. വിപണിയിൽ  അര ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാഗുകളിലക്കി  വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. സിപിഓമാരായ ഉജേഷ്, സജേഷ്, അനസ്, ദീപ എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ്  പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home