26 October Monday

ആശുപത്രികൾ കൈവിട്ടു; ചികിത്സ തേടിയലഞ്ഞ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

കോഴിക്കോട്‌ > കോവിഡ്‌ മുക്തയായിട്ടും ചികിത്സ നിഷേധിക്കപ്പെട്ട്‌‌ ആശുപത്രികൾ തേടിയലഞ്ഞ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങൾക്ക്‌ ദാരുണാന്ത്യം.  മലപ്പുറം കിഴിശ്ശേരി സ്വദേശികളായ എൻ സി ഷരീഫ്‌ –- ഷഹല ദമ്പതികളുടെ കുഞ്ഞുങ്ങളാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചത്‌.

കോവിഡ് പോസിറ്റീവ് ആയിരുന്ന ഷഹലയ്‌ക്ക് 15ന് കോവിഡ് നെഗറ്റീവ് ആയിരുന്നു.  കോവിഡ്‌ നെഗറ്റീവ്‌ ഫലമുള്ള പിസിആർ പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നും ആന്റിജൻ ടെസ്‌റ്റ്‌ ഫലം അംഗീകരിക്കില്ലെന്നും സ്വകാര്യ ആശുപത്രി വാശിപിടിച്ചതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്നാണ്‌ ആക്ഷേപം.
പ്രസവവേദന വന്നതോടെ മഞ്ചേരി മെഡിക്കൽ കോളേജിലാണ്‌ യുവതി ശനിയാഴ്‌ച എത്തിയത്‌. എന്നാൽ, കോവിഡ്‌ പോസിറ്റീവായ രോഗികളെ മാത്രം ചികിത്സിക്കുന്നതിനാൽ അവിടെ പ്രവേശിപ്പിക്കാനായില്ല. പകരം കോഴിക്കോട് കോട്ടപ്പറമ്പ്‌ ആശുപത്രിയിലേക്ക്‌ റഫർ ചെയ്‌തു.

അവിടെ എത്തുമ്പോഴേ‌ക്കും ഒപി സമയം കഴിഞ്ഞിരുന്നു. കോഴിക്കോട്‌ മെഡി. കോളേജ്‌ ആശുപത്രിയിലേക്ക്‌ പോകാൻ നിർദേശിച്ചു. ഗൈനക്കോളജിസ്‌റ്റ്‌ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കാണിക്കാനും ആശുപത്രി അധികൃതർ ഉപദേശിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുവരാൻ പറഞ്ഞതനുസരിച്ച്‌ അവിടേയ്‌ക്ക്‌ തിരിച്ചു. പാതിവഴി എത്തിയപ്പോഴാണ്‌ പിസിആർ ടെസ്‌റ്റിന്റെ നെഗറ്റീവ്‌ ഫലമുണ്ടെങ്കിലേ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ എന്ന്‌ വിളിച്ചുപറഞ്ഞത്‌. തിരികെ കോഴിക്കോട്ടെ സ്വകാര്യ ലാബിൽ പരിശോധനയ്‌ക്കായി എത്തിയെങ്കിലും ഫലം ലഭിക്കാൻ‌ 24 മണിക്കൂർ വേണമെന്ന്‌ പറഞ്ഞതോടെ സ്വകാര്യ മെഡി. കോളേജിൽ ആന്റിജൻ പരിശോധനയ്‌ക്ക്‌ വിധേയമായി. ഫലം നെഗറ്റീവായിരുന്നു.

സ്‌കാനിങ്ങിൽ കുട്ടികൾക്ക്‌ ഹൃദയമിടിപ്പ്‌ കുറവാണെന്ന്‌ വ്യക്തമായതോടെ കോഴിക്കോട്‌ മെഡി. കോളേജ്‌ ആശുപത്രിയിലേക്ക്‌ റഫർ ചെയ്‌തു. ശനിയാഴ്‌ച വൈകിട്ട്‌ ആറോടെയാണ്‌ ഇവിടെ പ്രവേശിപ്പിച്ചത്‌. ഞായറാഴ്‌ച ഷഹലയ്‌ക്ക്‌ പനി ബാധിച്ചു. ഇതോടെ ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കി. പകൽ മൂന്നരയോടെ കുഞ്ഞുങ്ങളെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.  ഐസിയുവിൽ കഴിയുന്ന ഷഹലയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ആന്റിജൻ പരിശോധനയിൽ നെഗറ്റീവായെങ്കിലും പനിയുണ്ടായതിനാൽ സ്രവം ആർടിപിസിആർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top