17 November Sunday

പ്രൊഫ. ടി വി കെ കുറുപ്പ‌് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

മട്ടന്നൂർ
ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും പുരോഗമന കലാസാഹിത്യസംഘം നേതാവുമായിരുന്ന മരുതായി ‘രാജീവ്‌ നിവാസി’ൽ പ്രൊഫ. ടി വി കെ കുറുപ്പ്‌ (84) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ പൊറോറ നിദ്രാലയത്തിൽ.
 
കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും കർഷകസംഘത്തിന്റെയും ആദ്യകാലപ്രവർത്തകനായ ടി വി കുഞ്ഞിരാമ കുറുപ്പ‌് എന്ന ടി വി കെ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജ‌് ചരിത്രവിഭാഗം മേധാവിയും പ്രിൻസിപ്പലുമായിരുന്നു. കൂത്തുപറമ്പ്‌ ഹയർസെക്കൻഡറി സ്‌കൂൾ, മംഗളൂരു ഗവ. ആർട്‌സ്‌ കോളേജ്‌, കോഴിക്കോട‌് ഫാറൂഖ‌് കോളേജ്‌, കോഴിക്കോട്‌ ഗവ. ട്രെയിനിങ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.  1956–-ൽ മട്ടന്നൂർ ഹൈസ്‌കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന്‌ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജിൽ ചരിത്രാധ്യാപകനായി. മഞ്ചേരി, ചേർത്തല, ഒരുമ്പാറ എൻഎസ്‌എസ്‌ കോളേജുകളിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു.

വിദ്യാർഥി,  അധ്യാപക സംഘടനകളിൽ സജീവമായിരുന്ന ടി വി കെ 1993–-ൽ വിരമിച്ചശേഷം സാമൂഹ്യ–- സാംസ‌്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നു.  പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. 1956–-ൽ കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായി. സിപിഐ എം മട്ടന്നൂർ, മരുതായി ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നിലവിൽ സിപിഐ എം മരുതായി സൗത്ത്‌ ബ്രാഞ്ചംഗം. മട്ടന്നൂർ പഞ്ചായത്തംഗം, മട്ടന്നൂർ നഗരസഭാ കൗൺസിലർ, പൊറോറ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. ദീർഘകാലം മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ മാനേജറായിരുന്നു.

ദേശാഭിമാനി ആഴ്‌ചപതിപ്പിലും വാരാന്ത പതിപ്പിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. മാർക്‌സും ഗാന്ധിയും, പ്രാചീന ലോക ചരിത്രം, പാശ്‌ചാത്യ നാഗരികതയുടെ ചരിത്രം, മാർക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. കലിക്കറ്റ്‌ സർവകലാശാല അക്കാദമിക്‌ കൗൺസിൽ, ചരിത്രവിഭാഗം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ എന്നിവയിൽ അംഗം, ബോർഡ്‌ ഓഫ്‌ എക്‌സാമിനേഴ‌്സ‌് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.

ഭാര്യ: പരേതയായ ലക്ഷ്‌മിക്കുട്ടിയമ്മ. മക്കൾ: ചന്ദ്രലേഖ (ചെന്നൈ), അനിത(പ്രധാനാധ്യാപിക, എകെകെആർ സ‌്മാരക എച്ച‌്എസ‌്എസ‌് ചേളന്നൂർ),  രാജീവൻ. മരുമക്കൾ: വേലായുധൻ (ചെന്നൈ), വിനോദ്‌ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക‌്, കോഴിക്കോട‌്), ഷീബ. സഹോദരങ്ങൾ: ജാനകിയമ്മ,  പരേതരായ കൃഷ‌്ണക്കുറുപ്പ‌്, ഗോപാലക്കുറുപ്പ‌്.  മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ അനുശോചിച്ചു.


പ്രധാന വാർത്തകൾ
 Top