20 October Sunday

ട്രോളിങ്‌ നിരോധനം ഇന്ന്‌ തീരും; മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക്‌

പി ആർ ദീപ‌്തിUpdated: Wednesday Jul 31, 2019

കൊല്ലം > അമ്പത്തിരണ്ടുദിവസത്തെ ട്രോളിങ്‌ നിരോധനം കഴിഞ്ഞ്‌ മത്സ്യത്തൊഴിലാളികൾ ബുധനാഴ്‌ച അർധരാത്രിയില്‍ ആഴക്കടലിലേക്ക്‌. പഞ്ഞമാസത്തിന്‌ അവസാനമിട്ട്‌ കടലമ്മ കുട്ടനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ്‌ തീരദേശം. അനുകൂല കാലാവസ്ഥയ്ക്കൊപ്പം മത്സ്യസമ്പത്ത്‌ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരെടുത്ത നടപടികളും മത്സ്യത്തൊഴിലാളികൾക്ക്‌ പ്രതീക്ഷ നൽകുന്നു.

അശാസ്‌ത്രീയ മീൻപിടുത്ത രീതികൾക്ക്‌ ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തിയാണ്‌ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം നിന്നത്‌. ചെറുമീനുകളെ പിടിക്കൽ, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം, മലിനീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കൊപ്പം ഓഖി, പ്രളയം  ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം മത്സ്യസമ്പത്ത്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ശാസ്‌ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാൻ കെഎംഎഫ്‌ആർ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്‌തത്‌.

ട്രോൾ വലകളുടെ കോഡ്‌ എന്‍ഡിൽ സ്‌ക്വയർ മെഷർ നിർബന്ധമാക്കിയും പ്രധാന വലകളുടെയെല്ലാം നീളവും കണ്ണി വലിപ്പവും നിശ്‌ചയിക്കുകയും ചെയ്‌തതോടെ പൊടിമീൻ പിടിത്തം തടയാൻ കഴിഞ്ഞു. 20 മീറ്ററിന്‌ മുകളിൽ നീളവും 250 എച്ച്‌പിക്ക്‌ മുകളിൽ എൻജിൻ ക്ഷമതയുമുള്ള യാനങ്ങൾക്ക്‌ തീരക്കടലിൽ (12നോട്ടിക്കൽ മൈൽവരെ) മീൻ പിടിക്കാനുള്ള  ലൈസൻസ്‌ നിർത്തലാക്കി. സംസ്ഥാന തീരത്ത്‌ സുലഭമായ 58 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന വലിപ്പം (മിനിമം ലീഗൽ സൈസ്‌) നിശ്ചയിച്ചതും മത്സ്യസമ്പത്തിൽ  വർധനയുണ്ടാക്കുമെന്ന പ്രതീക്ഷയാണ്‌ തൊഴിലാളികൾക്കുള്ളത്‌.


പ്രധാന വാർത്തകൾ
 Top