23 May Thursday

ആദിവാസികുടുംബത്തിൽ ഒരാൾക്ക‌് ജോലി: ആദ്യഘട്ടത്തിൽ 5000 പേർക്ക‌്

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Saturday Apr 20, 2019


‘ആദിവാസി കുടുംബത്തിൽ ഒരാൾക്ക‌് ജോലി’ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ പുരോഗമിക്കുന്നു. തൊഴിൽനൈപുണ്യ വികസന പരിശീലനത്തിലൂടെ ആദ്യഘട്ടത്തിൽ 5000 പേർക്ക‌് ജോലി ലഭ്യമാക്കാനാണ‌് പട്ടികവർഗ വികസന വകുപ്പ‌് ഒരുങ്ങുന്നത‌്. വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം സൗജന്യമായിരിക്കും.

പരിശീലനശേഷം ജോലി ഉറപ്പ‌ുനൽകുന്ന സ്ഥാപനങ്ങൾ മുഖേനയാണിത‌്. പത്താംക്ലാസ‌് കഴിഞ്ഞ 18മുതൽ 45 വയ‌സ്സുവരെയുള്ളവരെയാണ‌് പദ്ധതിയിൽ ഉൾപ്പെടുത്തുക.
കണ്ണൂർ, വയനാട‌്, മലപ്പുറം, കോഴിക്കോട‌്, പാലക്കാട‌് ജില്ലകളിലെ പട്ടികവർഗ വിഭാഗത്തിലുള്ള തൊഴിൽരഹിതർക്കാണ‌് ആദ്യം പരിശീലനം നൽകുക. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഈ ജില്ലകളിൽ  തൊഴിൽരഹിതരുള്ള കുടുംബത്തെ കണ്ടെത്താൻ പ്രാഥമിക സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് ആദ്യഘട്ടത്തിൽ കുറഞ്ഞത‌് 5000 പേർക്ക‌് തൊഴിൽ നൽകാൻ പട്ടികവർഗ വികസനവകുപ്പ‌് നടപടി ആരംഭിച്ചത‌്.

കോഴ‌്സിൽ ചേരുന്നവർക്ക‌് സൗജന്യ താമസസൗകര്യവും സ്ഥാപനം ഏർപ്പെടുത്തും. വിദ്യാഭ്യാസ യോഗ്യതയ‌്ക്ക‌് അനുസരിച്ച‌് കോഴ‌്സ‌ിൽ പ്രവേശനം നൽകും. 55ൽ അധികം തൊഴിൽമേഖലകളിലാണ‌് പരിശീലനം. സർവേയിൽ കണ്ടെത്തിയതിന‌ു പുറമേ ഉദ്യോഗാർഥികളുടെ എണ്ണത്തിന‌് അനുസൃതമായി മുഴുവൻപേർക്കും പരിശീലനം ഉറപ്പാക്കും. തൊഴിൽ പരിശീലനം നൽകാൻ സന്നദ്ധരായ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയായി. അഞ്ച‌് ജില്ലയിൽ തൊഴിൽപരിശീലനം ആരംഭിച്ചശേഷം മറ്റുള്ള ജില്ലകളിലെ പട്ടികവർഗ യുവതീയുവാക്കൾക്കും തൊഴിൽപരിശീലനത്തിന‌് നടപടി സ്വീകരിക്കും.
 തൊഴിൽപരിശീലനത്തിന‌ുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുത്തശേഷം ഉദ്യോഗാർഥികളിൽനിന്ന‌് അപേക്ഷ ക്ഷണിക്കും.


പ്രധാന വാർത്തകൾ
 Top