01 June Monday

ദുരിതകാലത്തിന് വിട; പുതിയ വീട്ടിലേക്ക്‌ 17 ഗോത്രകുടുംബങ്ങൾ, ഒന്നര ഏക്കറില്‍ ഭവനസമുച്ചയം

സ്വന്തം ലേഖകൻUpdated: Monday Jan 13, 2020

തൃശ്ശിലേരി > പ്രളയകാലത്തെ നടുക്കുന്ന ഓർമകളോട്‌ വയനാട്ടിലെ തൃശ്ശിലേരി പ്ലാമൂല കോളനിക്കാർ വിടപറയുകയാണ്‌.  കിടപ്പാടം പ്രളമെടുത്ത കുടുംബങ്ങൾ തിങ്കളാഴ്‌ച്ച പുതിയ വീടുകളിൽ പാല്‌ കാച്ചും. വൈകിട്ട്‌ നാലിന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ വീടുകളുടെ ഉദ്‌ഘാടനം നിർവഹിക്കും. പ്ലാമൂലയിലേയും തച്ചറക്കൊല്ലിയിലേയും വീട്ടുകാർ ഉൾപ്പെടെ 17 കുടുംബങ്ങളാണ്‌ തൃശ്ശിലേരി മുത്തുമാരിയിലെ പുതിയ വീട്ടിൽ താമസം തുടങ്ങുന്നത്‌.  വടകര ആസ്ഥാനമായ സന്നദ്ധ സംഘടനായായ തണലും സർക്കാരും കൈകോർത്താണ്‌ ആദിവാസി കുടുംബങ്ങളെ ദുരിതത്തിൽനിന്നും കൈപിടിച്ച്‌ ഉയർത്തിയത്‌.

ഒന്നര ഏക്കറിലാണ്‌ ഭവനസമുച്ചയം ഒരുക്കിയത്‌. വീടൊന്നിന്‌ ആറ്‌ ലക്ഷത്തോളം വിനിയോഗിച്ചു. തണലാണ്‌ സ്ഥലം നൽകിയത്‌. ഭവന നിർമാണവും തണൽ ഏറ്റെടുത്തു.  വീടൊന്നിന്‌ നാല്‌ ലക്ഷം സർക്കാർ നൽകി. ഓരോ വീടിനും ഒന്നര ലക്ഷത്തോളവും തണൽ ചെലവഴിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടന കിംസും പദ്ധതിക്കായി 20 ലക്ഷം നൽകി. 

രണ്ട്‌ കിടപ്പ്‌ മുറികൾ, ഹാൾ, അടുക്കള, വരാന്ത,  ബാത്ത്‌ റൂം എന്നിവയടങ്ങുന്നതാണ്‌ വീടുകൾ. 430 സ്‌ക്വയർഫീറ്റാണ്‌ വിസ്‌തൃതി. വയറിങ് പൂർത്തിയാക്കി. കുഴൽ കിണർ കുഴിച്ച്‌ എല്ലാവീട്ടിലും പൈപ്പ്‌ വഴി വെള്ളമെത്തിച്ചു. വെള്ളം ശേഖരിക്കാൻ പതിനായിരം ലിറ്ററിന്റെ രണ്ട്‌ ടാങ്കുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.  ഓരോരുത്തരുടെയും വീടും സ്ഥലവും അതിര്‌ തിരിച്ച്‌ നൽകിയിട്ടുണ്ട്‌. 

തിരുനെല്ലി പഞ്ചായത്തിന്റെ ഇടപെടലിലൂടെയായിരുന്നു പുനരധിവാസ നടടപികൾ. ഗുണഭോക്താക്കളെ പഞ്ചായത്ത്‌ നിർണയിച്ച്‌ നൽകി. ഓരോ ഘട്ടത്തിലും പഞ്ചായത്തിന്റെ ഇടപെടലുകളുണ്ടായി  2018ലെ പ്രളയത്തിലെ ദുരിതബാധിതരെയാണ്‌ മുത്തുമാരിയിൽ പുനരധിവസിപ്പിച്ചത്‌. 

ആഗസ്‌ത്‌ ഒമ്പതിന്‌ പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിലാണ്‌  പ്ലാമൂലക്കാരുടെ വീടുകൾ തകർന്നത്‌. ആരുടെയൊക്കെയോ നിലവിളികേട്ടാണ്‌ കോളനിക്കാർ ഉണർന്നത്‌.  ‘വീട് ഇടിയുന്നേ ഓടിക്കോ’ എന്ന്‌   ആരോ വിളിച്ചുപറഞ്ഞതൊടെ ഇരുട്ടിൽ തപ്പിതടഞ്ഞ്‌ ഓടി രക്ഷപ്പെടുകയായിരുന്നു എല്ലാവരും.   അഞ്ച്‌ വീടുകൾ അന്ന്‌ തകർന്നു. ഇതിൽ പുതിയ വീടുകളും ഉണ്ടായിരുന്നു.  ഭാഗീകമായി കേടുപാടുകൾ പറ്റിയവ പിന്നീട്‌ തകർന്നുവീണു. 

 വീടുകൾ പൂർണമായി തകർന്നവർക്കൊപ്പം ഭാഗികമായി കേടുപാടുകൾ സംഭവിച്ചരേയും തിരുനെല്ലി പഞ്ചായത്ത്‌  പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. സർക്കാരും തണലുമൊരുക്കിയ പുതിയ വീട്ടിൽ പുതിയ ജീവിതത്തിന്‌ തിങ്കളാഴ്‌ച്ച തുടക്കമാവും.   തണൽ ട്രസ്‌റ്റ്‌ ചെയർമാൻ ഡോ. ഇദരീസിനെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടന ചടങ്ങിൽ ആദരിക്കും. ഒ ആർ കേളു എംഎൽഎ അധ്യക്ഷനാകും. 

പ്രധാന വാർത്തകൾ
 Top