13 October Sunday

കാലം മറന്ന അഞ്ചൽപ്പെട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

നെയ്യാറ്റിൻകര > തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തലയെടുപ്പോടെ നിൽക്കുകയാണ് മറവിയിലാണ്ടുപോയ അഞ്ചൽപ്പെട്ടി കാലത്തിന്റെ ചരിത്ര ശേഷിപ്പ്. കത്തിടപാടുകൾക്കായി ഇന്നത്തെ തപാൽപ്പെട്ടികളുടെ സ്ഥാനത്ത് തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പെട്ടിയാണ് അഞ്ചൽപ്പെട്ടി. ഇതിനുമുകളിലായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്. മാർത്താണ്ഡവർമയുടെ രാജഭരണകാലത്താണ് തിരുവിതാംകുറിലാദ്യമായി അഞ്ചൽ സംവിധാനം വരുന്നത്.

ആദ്യം രാജഭരണത്തിന്റെ ഭാഗമായുളള സാധനങ്ങളും, അറിയിപ്പുകളും കൈമാറാനായിരുന്നു അഞ്ചലാഫീസുകൾ നിലവിൽവന്നത്. തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ, അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്. പെട്ടിയിൽ നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. അഞ്ചൽക്കാരൻ അന്ന് കുതിരപ്പുറത്ത് പ്രത്യേക വേഷവിധനത്തിൽ രാജ മുദ്രയോടുകൂടിയാണ് അഞ്ചലെടുക്കാൻ അഞ്ചൽപ്പെട്ടികളെ തേടിയെത്തിയുരുന്നത്. അഞ്ചലോട്ടക്കാരുടെ വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നു. 1951ൽ തപാൽവകുപ്പ് നിലവിൽ വന്നതോടെയാണ് അഞ്ചൽ സംവിധാനത്തിന് മങ്ങലേറ്റത്.

1931 ൽ നെയ്യാറ്റിൻകര വെടിവെയ്പ്പ് നടന്ന സ്ഥലത്താണ് അഞ്ചടി ഉയരത്തിലുളള ഉരുക്കിൽ തീർത്ത രാജമുദ്രയോടുകൂടിയ അഞ്ചൽ പെട്ടി സ്ഥിതിചെയ്യുന്നത്. ഇത് ഉയർത്തണമെങ്കിൽ ആറുപേരെങ്കിലും വേണം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇത് ഇവിടെ നിന്ന് തിരുവനന്തപുരത്ത് ജനറൽ പോസ്റ്റാഫീസിന് മുന്നിൽ സ്ഥാപിക്കാൻ കൊണ്ടുപോകാനായി തപാൽവകുപ്പിന്റെ കരാറുകാരെനെത്തിയിരുന്നു. നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ അത് നടന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top