11 October Friday

സീറ്റുമില്ല, സ്പെഷ്യലുമില്ല; കുടുങ്ങിക്കുരുങ്ങി ട്രെയിൻ യാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ബുധൻ വൈകിട്ട്‌ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ തിരുവനന്തപുരം എക്സപ്രസില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ തിരക്ക്

കണ്ണൂർ> ഓണാഘോഷം കഴിഞ്ഞ്‌ മടങ്ങുന്നവർക്ക്‌ ട്രെയിനിൽ കാലുകുത്താൻ ഇടമില്ല. സ്‌പെഷ്യൽ ട്രെയിനുകളും പേരിനുമാത്രം. മാസങ്ങൾക്ക്‌ മുമ്പെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർക്ക്‌ പോലും വെയ്‌റ്റിങ്‌ ലിസ്‌റ്റിലായതോടെ  അവസാനനിമിഷത്തിൽ പലരും ജനറൽ കോച്ചുകളിൽ ഇടംതേടി.  ഇതോടെ ജനറൽ കോച്ചുകളിൽ കുത്തിനിറച്ചായി യാത്ര. 
 
തിരുവോണവും രണ്ടുദിവസത്തെ അവധിയും കഴിഞ്ഞുള്ള ബുധനാഴ്‌ച ദീർഘദൂര ട്രെയിനുകളിലെല്ലാം കാലുകുത്താൻപോലും സ്ഥലമില്ല. മിക്ക ട്രെയിനുകളിലും ശ്വാസംമുട്ടിയാണ്‌ ആളുകളുടെ യാത്ര. സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്‌ പേരിനുമാത്രമായതിനാൽ ഓണക്കാലത്തെ യാത്രാതിരക്കിന്‌ പരിഹാരമായില്ല. ചില ദൈനംദിന ട്രെയിനുകളിൽ അധികമായി ഒരു സ്ലീപ്പർകോച്ച്‌ മാത്രമാണ്‌ തിരക്ക്‌ പരിഹരിക്കാനായി അധികമായി അനുവദിച്ചത്‌. യാത്രാതിരക്ക്‌ പരിഹരിക്കാനുള്ള പ്രായോഗിക  ഇടപെടലുകളൊന്നും റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.  
 
യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടുമാണ്‌ ട്രെയിനുകളിൽ ഏറെയും തിരക്ക്‌. സ്ഥിരംയാത്രക്കാർക്കൊപ്പം ഓണാവധിയാഘോഷിക്കാനായി പോകുന്നവർകൂടി ചേർന്നതോടെ ട്രെയിനുകളിൽ ഇടമില്ലാതായി. മലബാറിലെ യാത്രാദുരിതം പരിഹരിക്കാനായി അനുവദിച്ച സ്‌പെഷ്യൽ ട്രെയിനിന്റെ സമയം മാറ്റണമെന്ന ആവശ്യവും  പരിഗണിച്ചിട്ടില്ല. രാവിലെ  8.10ന്‌ കണ്ണൂരിൽനിന്നും പുറപ്പെടുന്ന 6032 ഷൊർണൂരിലേക്കുള്ള ട്രെയിൻ കാസർകോട്ടേക്ക്‌ നീട്ടണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
 
നേത്രാവതിയും കോഴിക്കോട്‌ എക്‌സ്‌പ്രസിനും സമയം മാറ്റണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. പുറകെ അഞ്ച്‌ മിനിറ്റ്‌ വ്യത്യാസത്തിൽ യാത്ര പുറപ്പെടുന്ന ഷൊർണൂർ സ്‌പെഷ്യലിന്റെ സമയവും മാറ്റണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top