പ്രത്യേക ട്രെയിനുകളില്ല; സീറ്റ് കിട്ടാക്കനി , റെയിൽവേയുടെ പതിവ് പ്രഹരം
തിരുവനന്തപുരം
ക്രിസ്‌മസ് പുതുവത്സര അവധിക്ക് നാട്ടിലെത്താൻ കാത്തിരിക്കുന്നവർക്ക് റെയിൽവേയുടെ പതിവ് പ്രഹരം. ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനി. ഡിസംബർ ആദ്യവാരംതന്നെ ഇതാണവസ്ഥ. ബംഗളൂരുവിൽനിന്ന് മധ്യകേരളത്തിലേക്കുള്ള ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് 150ന് മുകളിലാണ്. തമിഴ്നാടിനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുമായി പ്രത്യേക ട്രെയിൻ അനുവദിക്കുന്ന റെയിൽവേ കേരളത്തെ മറന്നമട്ടാണ്. അന്തർസംസ്ഥാന യാത്രക്കും ടിക്കറ്റില്ല. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് 20ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി, വന്ദേഭാരത്, ചെന്നൈ മെയിൽ, മാവേലി, മലബാർ, മംഗലാപുരം എക്സ്പ്രസുകളിലൊന്നും നിലവിൽ ടിക്കറ്റില്ല. തിരിച്ചുള്ള ട്രെയിനും സമാന അവസ്ഥ. ശബരിമല സീസണിന്റെ തിരക്കുമുണ്ട്.
സ്വകാര്യ ബസുകളും അവസരം മുതലാക്കുകയാണ്. നിലവിൽ ക്രിസ്‌മസ് അവധി തുടങ്ങുന്ന വെള്ളിയാഴ്ച മുതൽ ബംഗളൂരു കൊച്ചി യാത്രയ്‌ക്ക് 3,499 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്ക് 3500 മുതൽ 4,000 വരെയാകും. ടാക്സ് കൂടിയാകുമ്പോൾ ഇതിലുംകൂടും. പുതുവർഷാഘോഷം കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ബസ് നിരക്ക് തുടങ്ങുന്നത് 4,499 രൂപയിലാണ്. ക്രിസ്മസിനോട് അടുക്കുമ്പോൾ ഇനിയും ഉയർ ന്നേക്കും.
0 comments