21 September Saturday

റെയില്‍പാളത്തില്‍ കല്ലുനിരത്തി അട്ടിമറി ശ്രമം: തമിഴ്‌നാട് സ്വദേശി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

കോട്ടയം> റെയില്‍പാളത്തില്‍ കല്ലുനിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ച തമിഴ്‌നാട് പുതുക്കോട്ട സ്വദേശി നാഗരാജ് അറസ്റ്റില്‍. കോട്ടയം വഴി കടന്നുപോയ ഗരീബ് രഥ് എക്‌സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് സംക്രാന്തി കൊച്ചടിച്ചിറക്ക് സമീപം പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി ഉലഞ്ഞിരുന്നു. ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്രെയിന്‍ അട്ടിമറി ശ്രമമാണെന്ന് മനസ്സിലായത്. പാളത്തില്‍ ചെരുപ്പ് വച്ചശേഷം മുകളിലായി കല്ലുകള്‍ നിരത്തിവയ്ക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തി കല്ലുകള്‍ നീക്കംചെയ്ത റെയില്‍വേ പൊലീസ് തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്. സംക്രാന്തിയിലെ ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍. ട്രെയിന്‍ യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വേ ആക്ട് 153, 147 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.2016 ല്‍ പാളത്തില്‍ കല്ലുനിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ചങ്ങനാശേരിയില്‍ നീക്കം നടന്നിരുന്നു. ഇതില്‍ തമിഴ്‌നാട് സ്വദേശിയടക്കം രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു.


 


പ്രധാന വാർത്തകൾ
 Top