14 December Saturday

തയ്യല്‍ത്തൊഴിലാളി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2019

തിരുവനന്തപുരം> തയ്യൽത്തൊഴിലാളി ക്ഷേമനിധിയിലെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബോർഡിന്റെ ശുപാർശ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. തൊഴിലാളികളുടെ അംശാദായതുകയും തൊഴിലുടമാവിഹിതവും വർധിപ്പിച്ചു. ബോർഡിനെ ശാക്തീകരിക്കാനും അംഗങ്ങളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനുമാണ്‌ ബോർഡിന്റെ ശുപാർശ. 

ക്ഷേമനിധിയിൽ നിലവിൽ 8,34,000 അംഗങ്ങളാണുള്ളത്. 54,504 പേർക്ക്‌ പെൻഷനുണ്ട്‌.   600- രൂപ പ്രതിമാസ പെൻഷൻ എൽഡിഎഫ്‌ സർക്കാർ 1200 രൂപയായി ഉയർത്തി. കഴിഞ്ഞ ആഗസ്ത്  വരെയുള്ള പെൻഷൻതുക പൂർണമായും വിതരണം ചെയ്‌തു. പെൻഷൻ വിതരണത്തിനുള്ള ഗ്രാന്റ് ഇനത്തിൽ 49 കോടിരൂപ  ബോർഡിന്  മുൻസർക്കാർ നൽകാനുണ്ടായിരുന്നു. സ്ത്രീ തൊഴിലാളികൾക്കുള്ള പ്രത്യേക പ്രസവ ധനസഹായം വിതരണം ചെയ്യുന്നതിന് 33.25 രൂപയും കുടിശ്ശിക ഉണ്ടായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം  2014 മാർച്ചുവരെയുള്ള കുടിശ്ശികത്തുക  വിതരണംചെയ്‌തു. 

ഈ സർക്കാർ 179.83 കോടി രൂപ പെൻഷൻ വിതരണത്തിനായി അനുവദിച്ചു. മുൻ സർക്കാരിന്റെ ഭരണകാലയളവിൽ  ആകെ നൽകിയത്‌ 36.96 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തലയുടെ സബ്‌മിഷന്‌ മറുപടിയായി മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top