23 January Thursday

ടൂറിസ്റ്റുകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ പദ്ധതിയുമായി ടൂറിസം മിഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

കൊച്ചി> കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുവാനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴില്‍'Experience Ethnic Cuisine' എന്ന പദ്ധതി ആരംഭിക്കുകയാണെന്ന്  ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍.വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു 3 വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


'അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ..'

നമ്മുടെ വീട്ടിലുണ്ടാക്കുന്ന ചോറും പരിപ്പും അയല പൊരിച്ചതും കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍ കറിയും എല്ലാം കഴിക്കാന്‍ വിദേശികള്‍ നമ്മുടെ വീടുകളിലേക്ക് വന്നാല്‍ എങ്ങനെയുണ്ടാകും? നമുക്കതൊരു വരുമാന മാര്‍ഗം കൂടി ആവുകയാണെങ്കിലോ? എങ്കില്‍ അത്തരമൊരു പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുവാന്‍ പോവുകയാണ്. കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുവാനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴില്‍ 'Experience Ethnic Cuisine' എന്ന പദ്ധതി ആരംഭിക്കുകയാണ്. സംസ്ഥാനത്തെ തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക.

കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്. കേരളത്തിന് ഒരു തനതു ഭക്ഷ്യ സംസ്‌കാരവും പാചക-ഭക്ഷണരീതികളും ഉണ്ട്. എന്നാല്‍ ഈ ശൈലി വ്യാപകമായി തുടച്ചു മാറ്റിക്കൊണ്ട് ഒരു ഫാസ്റ്റ് ഫുഡ് സംസ്‌കാരം കേരളത്തിലുടനീളം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിരവധി ചെറുകിട ഹോട്ടലുകളില്‍ പോലും ഇന്നു കേരളീയമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് തയ്യാറാക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതും. ഒരു നാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആ നാടിന്റെ ഭക്ഷണ ക്രമങ്ങളെക്കുറിച്ചറിയാന്‍ തത്പരര്‍ ആയിരിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രുചിച്ചറിയുന്നതിനും അവയുടെ പാചകരീതി പഠിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരവധി സഞ്ചാരികളുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഭക്ഷണ ശൈലിയും പ്രോത്സാഹിപ്പിക്കുവാന്‍ പര്യാപ്തമായ ശക്തമായ ഒരു സംവിധാനം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ കുറവാണെന്നു പറയാം. ഒരു നാടിനെ വിനോദ സഞ്ചാര രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രാന്‍ഡിംഗ് ഘടകങ്ങളില്‍ തനതു ഭക്ഷണം ഒരു പ്രധാന ഘടകമാണ്.

വീട്ടില്‍ അതിഥികളെ സ്വീകരിക്കുന്ന പരമ്പരാഗത ശൈലിയില്‍ കേരളീയ ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കും. ഇവയെ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദേശ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തും. ഈ പദ്ധതിയിലൂടെ കുറഞ്ഞത് 30,000 മുതല്‍ 50,000 വരെ ആളുകള്‍ക്കു 3 വര്‍ഷം കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുവാന്‍ കഴിയും. ഇതിലൂടെ സംരംഭകരായി മാറുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരിക്കും എന്നൊരു പ്രത്യേകതയുമുണ്ട്. 'Experience Ethnic Cuisine' പദ്ധതി ഫലപ്രദമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കും. 


പ്രധാന വാർത്തകൾ
 Top