25 May Saturday

ബിജെപി സീറ്റ്‌ വിഭജനം : വടക്കൻ വന്നതോടെ നേതാക്കൾ തെക്കുവടക്ക്‌

പ്രത്യേക ലേഖകൻUpdated: Friday Mar 15, 2019

ലോക‌്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച‌്  തർക്കം രൂക്ഷമായതിനിടെ  കോൺഗ്രസിൽനിന്ന‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നത‌് പ്രശ‌്നം കൂടുതൽ സങ്കീർണമാക്കി. തൃശൂർ, ചാലക്കുടി മണ്ഡലങ്ങൾ ലക്ഷ്യമിട്ടാണ‌് വടക്കൻ ബിജെപിയിൽ ചേർന്നതെന്നാണ‌് പറയുന്നത‌്. കേരളത്തിലെ ബിജെപി നേതാക്കൾ ചാനൽ വാർത്തകളിലൂടെയാണ‌്  വരവ‌റിയുന്നത‌്‌‌. വടക്കന‌് എവിടെ സീറ്റ‌് നൽകിയാലും സംഘപരിവാറിൽ പ്രശ‌്നം രൂക്ഷമാകുമെന്ന‌് ഉറപ്പാണ‌്.

എൻഡിഎയിലും ആശയക്കുഴപ്പം
സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുന്നത‌് ബിജെപിയിലും ബിഡിജെഎസിലും ആശയക്കുഴപ്പം രൂക്ഷമാക്കിയിട്ടുണ്ട‌്.  പട്ടികയ്ക്ക‌് അന്തിമ രൂപം നൽകണമെങ്കിൽ തുഷാർ വെള്ളാപ്പള്ളി നിലപാ‌ട‌് വ്യക്തമാക്കണം. തുഷാർ രംഗത്തുണ്ടെങ്കിൽ ബിജെപിയിലെ ആഭ്യന്തരസംഘർഷം രൂക്ഷമാകും.  തുഷാറിന‌് സീറ്റ‌് നൽകുന്നത‌് സംബന്ധിച്ച‌് ബിജെപിയിൽ രണ്ട‌് അഭിപ്രായമാണ‌്. അതേസമയം തുഷാർ മത്സരിക്കുന്നതിനോട‌് താൽപ്പര്യമില്ലെന്ന‌് വെള്ളാപ്പള്ളി നടേശൻ സൂചിപ്പിച്ചതാണ‌് കാര്യങ്ങൾ കൂടുതൽ അവതാളത്തിലാക്കിയത‌്. തുഷാർ നിലപാടെടുക്കാത്തതും ഇതുകൊണ്ടാണ‌്. മത്സരിക്കുന്നവർ എസ‌്എൻഡിപിയുടെ സ്ഥാനങ്ങൾ രാജിവയ‌്ക്കണമെന്ന പ്രസ്താവന ബിഡിജെഎസ‌ിനെ മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കി.

ബിജെപിക്കുള്ളിൽ കെ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തെ ചുറ്റിപ്പറ്റിയാണ‌് അമർഷം പുകയുന്നത‌്.  തൃശൂർ അല്ലെങ്കിൽ പത്തനംതിട്ട  സുരേന്ദ്രന‌് നൽകണമെന്ന മുരളീധരപക്ഷത്തിന്റെ  ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എല്ലാ മണ്ഡലങ്ങളിലും സംഘപരിവാർ സ്ഥാനാർഥികൾക്ക‌് തിരിച്ചടിയുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ട‌്. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സീറ്റിൽ വിജയിക്കുമെന്ന പ്രതീക്ഷയൊന്നും സംഘപരിവാറിനില്ല. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട‌് നേടണമെന്നാണ‌് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.  ശബരിമല വിഷയം ഉൾപ്പെടെ ഉയർത്തി പ്രശ‌്നങ്ങൾ സൃഷ്ടിച്ചിട്ടും  വോട്ടിൽ വർധനവുണ്ടായില്ലെങ്കിൽ കേരളത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന വിലയിരുത്തലിലാണ‌് ബിജെപി.

കോൺഗ്രസുമായി വോട്ട‌് കച്ചവടത്തിനും ശ്രമം
ചില മണ്ഡലങ്ങളിൽ കോൺഗ്രസുമായി വോട്ട‌് കച്ചവടത്തിനും സംഘപരിവാർ ശ്രമം തുടങ്ങി. കുമ്മനത്തെ തിരികെ കൊണ്ടുവന്ന‌്  ബിജെപിയുടെ പൂർണനിയന്ത്രണം ഏറ്റെടുത്ത ആർഎസ‌്എസിലെ ചില നേതാക്കളാണ‌് ഇതിന‌ുപിന്നിൽ. 

സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വവും ഗ്രൂപ്പ‌് പിടിവലിയും മൂലം സീറ്റ‌് ഉറപ്പിച്ചവർക്ക‌ുപോലും രംഗത്തിറങ്ങാൻ  ധൈര്യമില്ലാത്ത സ്ഥിതിയാണ‌്.മൂന്ന‌ുനാല‌് സീറ്റുകളിൽ ഒഴികെ ഏകദേശ ധാരണയിലാണ‌് ലിസ്റ്റ‌് തയ്യാറാക്കിയത‌്. ഇതനുസരിച്ച‌്  കാസർകോട‌് യുവമോർച്ച സംസ്ഥാന പ്രസിഡന്റ‌്  പ്രകാശ‌്ബാബു, കണ്ണൂരിൽ സി കെ പത്മനാഭൻ, കോഴിക്കോട‌്- എം ടി രമേശ‌്, പാലക്കാട‌് -ശോഭാ സുരേന്ദ്രൻ,  ചാലക്കുടിയിൽ -എ എൻ രാധാകൃ‌ഷ‌്ണൻ, ആലപ്പുഴയിൽ- ബി ഗോപാലകൃഷ‌്ണൻ,  കൊല്ലത്ത‌് ശ്യാംകുമാർ, ആറ്റിങ്ങലിൽ പി കെ കൃഷ‌്ണദാസ‌്  എന്നിവരുടെ കാര്യത്തിലാണ‌് കുമ്മനത്തിന‌് പുറമെ ഏകദേശ ധാരണയായത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top