Deshabhimani

തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം: സ്റ്റാലിൻ കേരളത്തിൽ; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 01:38 PM | 0 min read

കൊച്ചി > തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തിൽ തന്തൈ പെരിയാർ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനുമായാണ് സ്റ്റാലിൻ എത്തിയത്. ഭാര്യ ദുർഗയും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് വൈകിട്ട് കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.

നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെയാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ വി  വേലു, എം പി സ്വാമിനാഥൻ, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, സി കെ ആശ എംഎൽഎ, വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. കാ​യ​ലോ​ര ബീ​ച്ചി​ൽ 5000ത്തോളം പേർക്കിരിക്കാവുന്ന പന്തലാണ് നിർമിച്ചിരിക്കുന്നത്.

കേരള–തമിഴ്നാട് സർക്കാരുകൾ ചേർന്നു നടത്തുന്ന സമ്മേളനം ചരിത്രപ്രാധാന്യം അർഹിക്കുന്നതാണെന്നു കേരള-തമിഴ്നാട് മന്ത്രിമാരായ വി എൻ വാസവൻ, എ വി വേലു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സത്യാഗ്രഹ ശതാബ്‌ദി ആഘോഷ സമാപനസമ്മേളനം മാർച്ചിൽ വിപുലമായി നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം സത്യാഗ്രഹസ്മാരകം അടുത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നും വിവിധ ഇടങ്ങളിൽ സർക്കാരിന്റെ നേതൃത്വത്തിൽ സത്യാഗ്രഹശതാബ്ദി ആഘോഷ പരിപാടികൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.

പെരിയാർ സ്‌മാരകം

സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ്‌ ഒരുക്കിയിരിക്കുന്നത്‌. 6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്‌. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ പെരിയാർ പ്രതിമ തമിഴ്‌നാട്‌ സ്ഥാപിച്ചത്‌. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്‌ പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.


 



deshabhimani section

Related News

0 comments
Sort by

Home