22 May Sunday

യുഡിഎഫിനെ സംബന്ധിച്ച് ഇന്നുള്ള റോഡും റെയിലുമെല്ലാം വച്ച് തട്ടുമുട്ടി പോയാല്‍ മതി: തോമസ് ഐസക്ക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്ന കാലത്തുപോലും കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ ഒരുചുക്കും ഉണ്ടായില്ല. അപ്പോഴാണ് ബിജെപി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ദ്രുദഗതിയില്‍ റെയില്‍ നവീകരണംം ഉറപ്പുവരുത്താന്‍ ഇറങ്ങുന്നത്.ചുരുക്കത്തില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇന്നുള്ള റോഡും റെയിലുമെല്ലാം വച്ച് തട്ടുമുട്ടി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ചിന്താഗതി.

ഫേസ്‌ബുക്ക് കുറിപ്പ്‌


യുഡിഎഫിനു കെ-റെയിലില്‍ വിശ്വാസമില്ല. അതു കമ്മീഷന്‍ അടിക്കാനുള്ള ഏര്‍പ്പാടാണെന്നാണ് കെപിസിസി പ്രസിഡന്റിന്റെ ഖണ്ഡിതമായ അഭിപ്രായം. 2011-ലെ മാനിഫെസ്റ്റോയില്‍ ഇങ്ങനെ എഴുതി ചേര്‍ത്തത് കമ്മീഷന്‍ ലക്ഷ്യം വച്ചുകൊണ്ടായിരുന്നോയെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്.''3.14 തിരുവനന്തപുരം - മംഗലാപുരം അതിവേഗ റെയില്‍വേ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കും.'' അതുപോലെ തന്നെ '3.20 തെക്ക്-വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ നിര്‍മ്മിക്കുന്നതിനു വ്യക്തമായ പ്രോജക്ട് തയ്യാറാക്കുകയും പൊതുജനങ്ങളുമായി ആശയസമ്പര്‍ക്കം നടത്തി ബി.ഒ.റ്റി പ്രകാരമോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.''
 
ഉമ്മന്‍ചാണ്ടി തെക്ക്-വടക്ക് അതിവേഗ റെയില്‍പ്പാതയ്ക്ക് ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് അംഗീകാരവും നല്‍കി. പക്ഷെ ഒന്നും പിന്നീട് നടന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ സബര്‍ബന്‍ ട്രെയിനിലേയ്ക്കായി. നിലവിലുള്ള ബ്രോഡ് ഗേജ് മെച്ചപ്പെടുത്തി തിരുവനന്തപുരം - കോഴിക്കോട് നഗരങ്ങളിലേയ്ക്ക് സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാനായിരുന്നു പരിപാടി. പക്ഷെ ഇന്ത്യന്‍ റെയില്‍വേ നമ്മുടെ സബര്‍ബന്‍ റെയില്‍ പദ്ധതി തള്ളിക്കളഞ്ഞു. 07-12-2017-ല്‍ റെയില്‍വേ കേരള സര്‍ക്കാരിനെ ഔപചാരകമായി അറിയിച്ചു. കേരളം വേണമെങ്കില്‍ സ്വതന്ത്രമായ ട്രാക്ക് ഇടണം. ഇതാണ് റെയില്‍വേയുടെ നിലപാട്. ഇങ്ങനെ റെയില്‍വേ തള്ളിക്കളഞ്ഞ സബര്‍ബന്‍ ട്രെയിനാണ് കേരളത്തിന് അനുയോജ്യമെന്ന് ഇന്നും ഉമ്മന്‍ചാണ്ടി വാദിക്കുന്നത്.

2016-ല്‍ ഹൈസ്പീഡ് ട്രെയിനിനു പകരം '2030-ഓടെ എട്ടുവരി തെക്ക് - വടക്ക് എക്‌സ്പ്രസ്സ് ഹൈവേ'' നിര്‍മ്മിക്കുമെന്നായി വാഗ്ദാനം. ഈ എക്‌സ്പ്രസ്സ് ഹൈവേ നഗരങ്ങളിലും മറ്റും എലവേറ്റഡ് പാതയായിട്ടായിരിക്കും നിര്‍മ്മിക്കുകയെന്നും മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് എം.കെ. മുനീര്‍ കൊണ്ടുവന്ന എക്‌സ്പ്രസ്സ് ഹൈവേ അങ്ങനെ വീണ്ടും യുഡിഎഫിന്റെ നയമായി. 2021-ലെ മാനിഫെസ്റ്റോയില്‍ 8 വരി 6 വരിയായി കുറച്ചിട്ടുണ്ട്.

8 വരി ആയാലും 6 വരി ആയാലും ഇതിനുള്ള പണം എത്ര വരും? അത് എങ്ങനെ കണ്ടെത്തും? ഇപ്പോള്‍ ദേശീയപാത വീതി കൂട്ടുന്നതിന് 15-20 മീറ്റര്‍ ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിന് 25000 കോടി രൂപയാണ് ചെലവു  പ്രതീക്ഷിക്കുന്നത്. പുതിയൊരു 8 വരി എക്‌സ്പ്രസ്സ് ഹൈവേയ്ക്ക് കെ-റെയിലിനേക്കാള്‍ ചെലവു വരും. ഇത്രയും പണം എങ്ങനെ കണ്ടെത്താമെന്നാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്? ഈ നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും?

ഇതൊന്നും ചിന്തിച്ചുപോലും കാണില്ല. ബജറ്റില്‍ നിന്നും ഇതിനുള്ള പണം കണ്ടെത്താനാവില്ലല്ലോ. കിഫ്ബിപോലുള്ള സംവിധാനത്തോട് യുഡിഎഫിന് കഠിനമായി എതിര്‍പ്പുമാണ്. റെയില്‍ ആവട്ടെ, റോഡ് ആവട്ടെ കേരളത്തിലെ യാത്രാ സംവിധാനത്തെ നവീകരിക്കുന്നതിന് യുഡിഎഫിന് തനതായ ഒരു പരിപാടി ഇല്ല.

ദേശീയപാത വികസനം ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ കഴിയാതെ യുഡിഎഫ് കാലത്ത് ഉപേക്ഷിച്ചതാണ്. ഇന്ന് കെ-റെയിലിനെരായ സമരത്തില്‍ യുഡിഎഫിനോടൊപ്പം അണിചേര്‍ന്നിരിക്കുന്ന ജമാ-അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവര്‍ ദേശീയപാത വികസിപ്പിക്കാന്‍ 30 മീറ്റര്‍ വീതിയില്‍ ഭൂമി മതിയെന്ന പക്ഷക്കാരാണ്.പിന്നെയുള്ളത് റെയില്‍വേയുടെ വികസനമാണ്. റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുകയും, സിഗ്‌നലിംഗ് ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്യുകയാണ്. കോണ്‍ഗ്രസ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്ന കാലത്തുപോലും കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ ഒരുചുക്കും ഉണ്ടായില്ല. അപ്പോഴാണ് ബിജെപി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ദ്രുദഗതിയില്‍ റെയില്‍ നവീകരണം ഉറപ്പുവരുത്താന്‍ ഇറങ്ങുന്നത്.

ചുരുക്കത്തില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇന്നുള്ള റോഡും റെയിലുമെല്ലാം വച്ച് തട്ടുമുട്ടി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ചിന്താഗതി. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ധീരവും വലുതുമായ ഒരു കാഴ്ച്ചപ്പാടിനു രൂപം നല്‍കാന്‍ പോലുമുള്ള പ്രാപ്തി ഇല്ലാത്ത രാഷ്ട്രീയ സംവിധാനമായി യുഡിഎഫ് അധപതിച്ചിരിക്കുന്നു.

യുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചൂളംവിളിയായിരുന്നു അവിടുത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ചൈന സാമ്പത്തിക മത്സരശേഷിയില്‍ ലോകത്തെ മറ്റുരാജ്യങ്ങളെയൊക്കെ വെല്ലുവിളിക്കുകയാണല്ലോ. ഇതിന്റെ പിന്നിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് റോഡ്, റെയില്‍, വൈദ്യുതി, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ നടത്തിയിടുള്ള ഭീമമായ മുതല്‍മുടക്കാണ്. ആധുനിക പശ്ചാത്തലസൗകര്യങ്ങള്‍ ഒരു പതിറ്റാണ്ടുകൊണ്ട് ഉറപ്പുവരുത്തി സാമ്പത്തിക വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവയ്ക്കുന്നത്. ഇതു വെറും വാചകമടിയല്ല. പ്രായോഗീകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കര്‍മ്മപരിപാടിയാണെന്നു കിഫ്ബി തെളിയിച്ചു കഴിഞ്ഞു.

അന്യാദൃശ്യമായ കിഫ്ബി നിര്‍മ്മാണ പ്രവൃത്തികള്‍ക്കുവേണ്ടി ജനങ്ങളുടെ ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഒരു കുറവും വരുത്തിയിട്ടില്ല. വിജ്ഞാനം, സേവനം, വൈദഗ്ധ്യം, മൂല്യവര്‍ദ്ധന എന്നിവയില്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായ വളര്‍ച്ച പാരിസ്ഥിതികസൗഹൃദമായിരിക്കും. ഇത്തരമൊരു പരിപാടിക്കാണ് കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top