24 October Thursday

ടൈറ്റാനിയം അഴിമതി : ചുരുൾ നിവരുന്നത്‌ യുഡിഎഫിന്റെ തീവെട്ടിക്കൊള്ള

പ്രത്യേക ലേഖകൻUpdated: Wednesday Sep 4, 2019



ടൈറ്റാനിയം അഴിമതിയിൽ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇബ്രഹിം കുഞ്ഞും പ്രതിക്കൂട്ടിലേക്ക്‌ കടന്നുവരുമ്പോൾ ചുരുൾ നിവരുന്നത്‌ കേരളം ഞെട്ടുന്ന തീവെട്ടിക്കൊള്ള. രാജ്യാന്തര മാനങ്ങളുള്ള ഈ ഇടപാടിൽ യുഡിഎഫ്‌ നേതൃത്വം മറുപടി പറയേണ്ട ചോദ്യങ്ങളേറെയാണ്‌. വിദേശ കമ്പനികൾ അടക്കം ഉൾപ്പെട്ട ഈ കേസ്‌ സിബിഐ അന്വേഷിക്കുന്നതാണ്‌ ഉചിതമെന്ന്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ രണ്ടുവട്ടം തീരുമാനിച്ചതാണ്‌.

രണ്ടുതവണയും ഇക്കാര്യം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. പക്ഷേ, അന്നത്തെ മൻമോഹൻസിങ്‌ സർക്കാർ ഇത്‌ നിരസിച്ചു.  ഇതിനു പിന്നിലും  ഉമ്മൻചാണ്ടിയും ചെന്നിത്തലയും  ആയിരുന്നെന്ന്‌ അന്നേ വ്യക്തമായിരുന്നു. വീണ്ടും സിബിഐ അന്വേഷണം കേരളം ആവശ്യപ്പെടുമ്പോൾ കേന്ദ്ര സർക്കാർ നിലപാട്‌ നിർണായകമാകും.

നായനാർ ഭരണകാലത്ത്‌ രൂപം നൽകിയ 108 കോടിയുടെ മലിനീകരണ നിയന്ത്രണപദ്ധതിയാണ്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും ചേർന്ന്‌ പൊളിച്ച്‌ 256 കോടിയുടെ പദ്ധതിക്ക്‌ രൂപം നൽകിയത്‌. യഥാർഥത്തിൽ 414 കോടിയുടെ പദ്ധതിയാണ്‌ തയ്യാറാക്കിയത്‌. അന്ന്‌ ടൈറ്റാനിയം കമ്പനിയുടെ ആകെ വരുമാനം 120 കോടി രൂപയായിരുന്നു. ആ കമ്പനിക്കാണ്‌ യുഡിഎഫ്‌ സർക്കാർ 414 കോടിയുടെ മലിനീകരണ നിയന്ത്രണ പദ്ധതിക്ക്‌ രൂപം നൽകിയത്‌.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ പദ്ധതി നിരസിച്ചതാണ്‌. എന്നാൽ, ബോർഡ്‌ അംഗീകരിച്ചെന്ന്‌ കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സുപ്രീംകോടതി മാണിറ്ററിങ്‌ കമ്മിറ്റിക്ക്‌ കത്തയച്ചു. അന്ന്‌ കെ കെ രാമചന്ദ്രനായിരുന്നു  മലിനീകരണ ബോർഡിന്റെ ചുമതല. കത്തയച്ച  ദിവസം ബോർഡിന്റെ ചുമതല എ സുജനപാലിന്‌ കൈമാറി. ഇക്കാര്യങ്ങൾ കെ കെ രാമചന്ദ്രൻതന്നെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും അഴിമതിയിൽ പങ്കുണ്ടെന്ന്‌ അദ്ദേഹം തുറന്നടിക്കുകയും ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top