15 January Friday

‘120 കോടിയുടെ ടൈറ്റാനിയം കമ്പനിയ്ക്ക് 414 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി’അധികാര ദുർവിനിയോഗത്തിൽ ഇത്‌ ഉമ്മൻചാണ്ടി മാതൃക

ഡോ.തോമസ്‌ ഐസക്‌Updated: Tuesday Sep 3, 2019

120 കോടിയുടെ കമ്പനിയ്ക്ക് 414 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയോ?.. ടൈറ്റാനിയം കമ്പനിയിൽ  ഉമ്മൻചാണ്ടി നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ ഒരു ഉദാഹരണം മാത്രമാണിതെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. നായനാര്‍ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി പൊളിച്ചാണ്‌ നിർമ്മാണചെലവ്‌ 414 കോടിയിലേക്കുയരുന്ന പുതിയ പദ്ധതിക്ക്‌ ഉമ്മൻചാണ്ടി ശ്രമിച്ചത്‌.  ഇത്‌ നടപ്പാക്കാൻ  പരിസ്‌ഥിതി ചുമതലയുള്ള മന്ത്രിയെവരെ മാറ്റിയാണ്‌ പൊലുഷൻ കൺട്രോൾ ബോർഡിന്റെ അനുമതി  കൈക്കലാക്കിയത്‌.  ടൈറ്റാനിയം കമ്പനിയ്ക്ക് വന്‍ബാധ്യത വരുന്ന പദ്ധതി മെക്കോണിന് നല്‍കാനുള്ള  ഗൂഢാലോചനയുടെ പിറകിലും ഉമ്മൻചാണ്ടിയാണെന്ന്‌  2014ൽ എഴുതിയ ലേഖനത്തിൽ ഐസക്‌ പറയുന്നു

ലേഖനം ചുവടെ

ഉമ്മൻ ചാണ്ടിക്കെതിരെയുളള ഞങ്ങളുടെ ആരോപണം മൂന്നാണ്.

ഒന്ന്) നായനാര്‍ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി പൊളിച്ച് 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നല്‍കി. യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ ചെലവ് 414 കോടി രൂപ ആകുമെന്ന് പുഷ്പവനം കമ്മിറ്റി കണ്ടെത്തി. ടൈറ്റാനിയം കമ്പനിയുടെ ആകെ വരുമാനം 120 കോടി രൂപയേ വരൂ. 120 കോടിയുടെ കമ്പനിയ്ക്ക് 414 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയോ? ആരാണ് ഈ അസംബന്ധത്തിനുപിന്നില്‍? ഏതായാലും ഇടതുപക്ഷം അല്ലല്ലോ.

രണ്ട്) ഉമ്മന്‍ചാണ്ടിയുടെ ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാന്‍ പാടില്ലാത്തതാണെന്ന് പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് വിധിച്ചു. ഈ തീര്‍പ്പിരിക്കെ മലീനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതി അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കല്‍ നിന്ന് പൊളൂഷന്‍ കണ്‍ട്രോള്‍ ബോഡെടുത്ത് സുജനപാലനിന് നല്‍കി. പുതിയ മന്ത്രി അനുവാദവും നല്‍കി. പക്ഷേ, കല്ലുവെച്ച നുണ മുഖ്യമന്ത്രി ഒപ്പിട്ട് അയച്ചുവെന്നത് നിഷേധിക്കാനാവുമോ?

മൂന്ന്) ടൈറ്റാനിയത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നുണ പറഞ്ഞത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പക്ഷേ, പടിയിറങ്ങുന്നതിനു മുമ്പ് പ്രതിമാസം 36 കോടി രൂപ മെക്കോണിന്‍റെ ഒരു സബ്കോണ്‍ട്രാക്ടായി കൊടുത്തതിനും മെക്കോണിന് ഏതാണ് 70 കോടി രൂപയുടെ എല്‍സി (letter of credit) ഓപ്പണ്‍ ചെയ്തു കൊടുത്തതിനും അഞ്ചുകോടി രൂപയുടെ സര്‍വീസ് ഫീ നല്‍കിയതിനും എന്തു വിശദീകരണമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. ഇതൊക്കെ പുതിയ സര്‍ക്കാരിനു വിട്ടുകൊടുത്താല്‍ പോരായിരുന്നോ?

ഭരണത്തില്‍ വന്ന ഇടതുപക്ഷ മുന്നണി പുഷ്പവനത്തെ കമ്മീഷനായി വെച്ച് റിപ്പോര്‍ട്ടായി വാങ്ങി ഈ തീവെട്ടിക്കൊളള നിര്‍ത്തിവെപ്പിച്ചു. ഈ 414 കോടി രൂപയുടെ ഒരു കാര്യവും ഇന്നേവര നടപ്പായിട്ടില്ല. പക്ഷേ ടൈറ്റാനിയം ഫാക്ടറി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍  നടപ്പാക്കുന്നത് 80 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതിയാണ്.

ടൈറ്റാനിയം കമ്പനിയ്ക്ക് വന്‍ബാധ്യത വരുന്ന പദ്ധതി മെക്കോണിന് നല്‍കാന്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന ആരോപണങ്ങളാണ് ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ഉയര്‍ന്നത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫണ്ടുസമാഹരണത്തിന് ടൈറ്റാനിയത്തിലെ മാലിന്യപ്രശ്നം ആയുധമാക്കുകയായിരുന്നു അദ്ദേഹം.

2001ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എ ഡി ദാമോദരന്‍ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ആവിഷ്കരിച്ച 108 കോടിയുടെ മലിനീകരണ പദ്ധതി അട്ടിമറിച്ചാണ് 256 കോടിയുടെ മെക്കോണ്‍ പദ്ധതിയ്ക്കു വേണ്ടി ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കിയത്. വ്യക്തമായ പരിശോധനകളൊന്നും കൂടാതെയാണ് ഈ പദ്ധതിയ്ക്ക് അനുമതി നല്‍കിയത്. 256 കോടിയുടെ പദ്ധതി ഒരു വര്‍ഷം കൊണ്ട് 414 കോടിയുടെ പദ്ധതിയായി പെരുകിയപ്പോഴാണ് ഈ പദ്ധതിയിലെ അഴിമതി എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്.

ഗൂഢാലോചനയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കുവെളിപ്പെടുത്തുന്ന രണ്ടു രേഖകളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. ത്യാഗരാജന് 2005 ജനുവരി 5ന് ഉമ്മന്‍ ചാണ്ടി എഴുതി കത്താണ്. ആ കത്തില്‍ ഉമ്മന്‍ ചാണ്ടി നടത്തുന്ന അവകാശവാദം ഇങ്ങനെയാണ്:

"The State Pollution Control Board, after being satisfied with the adequacy with pollution control measures proposed by TTPL, has already scheduled the Public Hearing on 13-01—2006."

മാലിന്യനിയന്ത്രണത്തിന് ടൈറ്റാനിയം കമ്പനി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംതൃപ്തി രേഖപ്പെടുത്തിയെന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ 2005 ആഗസ്റ്റ് 1ന് കമ്പനിയ്ക്ക് അയച്ച കത്തില്‍ മെക്കോണ്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ആ എതിര്‍പ്പ് കത്തില്‍ നിന്നും ഉദ്ധരിക്കാം.

The proposal of MECON suffer from may infirmities, the Board is not able to entertain your applications for consent to establish and consent to operate and your request for public hearing.

മെക്കോണ്‍ പദ്ധതിയില്‍ പന്ത്രണ്ടു വൈകല്യങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. അവ ഈ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സുപ്രിംകോടതി കമ്മിറ്റിയില്‍ നിന്നും മനഃപൂര്‍വം മറച്ചുവെയ്ക്കുകയായിരുന്നു, അന്നത്തെ മുഖ്യമന്ത്രി.

മെക്കോണ്‍ പദ്ധതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍പ്പു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കമ്പനിയും സര്‍ക്കാരും ചെയ്യേണ്ടിയിരുന്നത് എന്താണ്? വൈകല്യങ്ങള്‍ പരിഹരിച്ച് പദ്ധതി പുതുക്കാന്‍ മെക്കോണിനോട് നിര്‍ദ്ദേശിക്കുക. പക്ഷെ ഉമ്മന്‍ ചാണ്ടി ചെയ്തതോ? മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല വഹിക്കുന്ന പരിസ്ഥിതിവകുപ്പു മന്ത്രിയെത്തന്നെ നിഷ്കാസനം ചെയ്യുകയായിരുന്നു. കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററെ പരിസ്ഥിതി വകുപ്പിന്റെ ചുമതലയില്‍ നിന്നും നീക്കം ചെയ്ത അതേ ദിവസം തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ കത്ത്. രാമചന്ദ്രന്‍ നായരില്‍ നിന്ന് വകുപ്പ് സുജനപാലില്‍ എത്തിയതോടെ പദ്ധതിയിലെ വൈകല്യങ്ങള്‍ ആവിയായി. നിന്ന നില്‍പ്പില്‍ ബോര്‍ഡ് മലക്കംമറിഞ്ഞു.

മന്ത്രിയെ നീക്കം ചെയ്ത് പദ്ധതിയിലെ വൈകല്യങ്ങള്‍ കരുത്താക്കി മാറ്റാനുളള ഗൂഢാലോചന മുഖ്യമന്ത്രി തലത്തിലേ നടക്കൂ. ഉമ്മന്‍ ചാണ്ടി ചെയ്തതും അതാണ്. തുടര്‍ന്ന് ധൃതിയില്‍ പദ്ധതി അംഗീകരിച്ചു. ലെറ്റര്‍ ഓഫ് ക്രെഡിറ്റ് (Letter of Credit) ആരംഭിച്ചു. കരാര്‍ തുകയുടെ 90 ശതമാനമായ 72 കോടിയ്ക്ക് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയത് 2006 മാര്‍ച്ചിലാണ്. സബ് കോണ്‍ട്രാക്റ്റ് എടുത്ത വിഎ വാബാഗ് എന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയ്ക്ക് 32.08 കോടി രൂപ മുന്‍കൂറായി നല്‍കിയത് 31-3-2006നാണ്. 5.56 കോടി രൂപ സര്‍വീസ് ചാര്‍ജും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് നല്‍കി. പദ്ധതിയുടെ ഭാഗമായി ഒരുകല്ലുപോലും സ്ഥാപിച്ചില്ലെങ്കിലും ഇത്രയും ഉയര്‍ന്ന തുക നല്‍കിയിട്ടാണ് ഉമ്മന്‍ ചാണ്ടി ഭരണമൊഴിഞ്ഞത്. അതില്‍നിന്ന് എത്രകോടി രൂപ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടണ്ടിലേയ്ക്ക് ഒഴുകിയെന്നാണ് അറിയേണ്ടത്.

എന്തുകൊണ്ട് എല്‍ഡിഎഫ് ഇക്കാര്യം അന്വേഷിച്ചില്ല?

മാലിന്യനിവാരണ പദ്ധതിയുടെ മറവില്‍ ടൈറ്റാനിയത്തില്‍ നടന്ന അഴിമതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത് 2007ലാണ്. 256 കോടിയുടെ കരാര്‍തുക 414 കോടിയായി ഉയര്‍ന്നുവെന്ന് മെക്കോണ്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചപ്പോഴായിരുന്നു ഇത്. വെറും 120 കോടിയുടെ വാര്‍ഷികവരുമാനമുളള ഒരു കമ്പനിയില്‍ 414 കോടി രൂപ ചെലവിട്ട് മാലിന്യസംസ്ക്കരണ സംവിധാനമുണ്ടാക്കുന്നതിന് ഒരു സാമ്പത്തികന്യായവുമില്ല. തുടര്‍ന്ന് പലതലങ്ങളില്‍ അന്വേഷണം നടത്തി.

സാമ്പത്തികമായി പദ്ധതി ഗുണകരമാണോ എന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്കോയെ ചുമതലപ്പെടുത്തി. പദ്ധതിച്ചെലവ് 414 കോടിയെ അധികരിക്കുമെന്ന് കിറ്റ്കോയും റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് പദ്ധതി വേണ്ടെന്നു വച്ചു. മെക്കോണ്‍ പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ചു പഠിക്കാന്‍ ചെന്നൈ ഐഐടിയിലെ ഡോ. പുഷ്പവനത്തിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയെ നിയോഗിച്ചു. മെക്കോണ്‍ പദ്ധതി അപ്രായോഗികമാണെന്ന് ഈ കമ്മിറ്റി വിധിയെഴുതി. പകരം അവര്‍ 86 കോടിയുടെ മറ്റൊരു പദ്ധതി നിര്‍ദ്ദേശിച്ചു. ആ പദ്ധതിയാണ് ഇപ്പോള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നടപ്പാക്കുന്നത്.

തന്റെ കത്തുകൊണ്ടാണ് ടൈറ്റാനിയം അടച്ചുപൂട്ടലില്‍ നിന്ന് രക്ഷപെട്ടത് എന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം ശുദ്ധനുണയാണ് എന്നതിന് ഇതിലപ്പുറം തെളിവെന്ത്? അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി പ്രകാരം ഒരു തൂണുപോലും അവിടെ നിര്‍മ്മിച്ചിട്ടില്ല. ഇറക്കുമതിചെയ്ത ഉപകരണങ്ങള്‍ മുഴുവന്‍ ഉപയോഗശൂന്യമായി മഴയും വെയിലുമേറ്റു നശിക്കുന്നു. ചെലവഴിച്ച തുക മുഴുവന്‍ പാഴായി. ഇന്നവിടെ നടപ്പാക്കുന്നത് വേറെ പദ്ധതി. എന്നിട്ടും തന്റെ കത്തുകൊണ്ടാണ് ടൈറ്റാനിയം രക്ഷപെട്ടത് എന്നു മേനിനടിക്കാനുളള തൊലിക്കട്ടി അപാരം തന്നെ.

എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയില്ല എന്ന ന്യായമായ സംശയം ഇവിടെ ഉയരാം. എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണെന്ന് അക്കാലത്തു തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു.

വിദേശ കമ്പനികള്‍ അടക്കം ഉള്‍പ്പെട്ട ഈ കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതം എന്ന് എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. രണ്ടുതവണ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം രണ്ടുതവണയും കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നിലും ഉമ്മന്‍ ചാണ്ടി തന്നെയായിരിക്കുന്നു. എല്‍ഡിഎഫിനെ കുറ്റം ചുമത്തി രക്ഷപെടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയോട് എല്ലാകാര്യങ്ങളും ചേര്‍ത്ത് അന്വേഷിക്കാമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം നിയമസഭയില്‍ ഒഴിഞ്ഞുമാറിയ രീതി കേരളം കണ്ടതാണ്. എല്‍ഡിഎഫിന് ' ഇക്കാര്യത്തില്‍ ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന്, രണ്ടുതവണ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ നിന്നു തന്നെ വ്യക്തമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top