30 November Tuesday

മൃതദേഹത്തിന്റെ നഖത്തില്‍ അജ്ഞാതന്റെ ഡിഎന്‍എ; യുവതിയുടെ മരണം കൊലപാതകം, പ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

പത്തനംതിട്ട > വീട്ടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്‌ തെളിഞ്ഞു. പ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ചെയ്‌തു. മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) ആണ്‌ കൊല്ലപ്പെട്ടത്‌. കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീർ (39) ആണ് പ്രതി. 2019 ഡിസംബർ 15 നാണ്‌ ടിഞ്ചുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്‌.

ഭർത്താവുമായി പിരിഞ്ഞ്‌ ആറു മാസമായി സുഹൃത്ത്‌ ടിജിൻ ജോസഫിനും അച്ഛനുമൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എതിർത്ത ടിഞ്ചുവിനെ കട്ടിലിൽ തല ഇടിപ്പിച്ച് അബോധാവസ്ഥയിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്‌തശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ ഉള്ളതായി കണ്ടെത്തി. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയയായതിനും തെളിവുകൾ ലഭിച്ചു.

ലോക്കൽ പൊലീസ്‌ ആത്മഹത്യയാണെന്ന്‌ കരുതിയ കേസ് സുഹൃത്ത്‌ ടിജിന്റെ പരാതിയെ തുടർന്ന്‌  2020 ഫെബ്രുവരിയിലാണ്‌ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്‌. ക്രൈം ബ്രാഞ്ച് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടറുമായി ബന്ധപ്പെട്ടും കൂടുതൽ പേരെ ചോദ്യംചെയ്‌തും അന്വേഷണം വ്യാപിപ്പിച്ചു. ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിധ്യം സംശയിച്ച മൂന്നുപേരിൽ കേന്ദ്രീകരിക്കുകയും അവരെ തുടർച്ചയായി ചോദ്യംചെയ്യുകയുമായിരുന്നു.

മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോൾ അജ്ഞാതനായ ഒരാളുടെ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തി. ഈ ഡിഎൻഎയുമായി നസീറിന്റെ രക്തസാമ്പിളിലെ ഡിഎൻഎ സാമ്യം തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
കേസിലെ പരാതിക്കാരനായ ടിജിനും പിതാവും രാവിലെ വീട്ടിൽനിന്നു പുറത്തുപോയ ശേഷം അവിടെയെത്തിയ നസീർ വീട്ടിൽകടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വിധേയയാക്കി കൊലപ്പെടുത്തി വെള്ളമുണ്ടിൽ കെട്ടിത്തൂക്കുകയുമായിരുന്നു.

അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഡിവൈഎസ്‌പിമാരായ ആർ സുധാകരൻ പിള്ള, ആർ പ്രതാപൻ നായർ, വി ജെ ജോഫി, ജെ ഉമേഷ്‌കുമാർ, എസ്ഐമാരായ സുജാതൻ പിള്ള, അനിൽകുമാർ, ശ്യാംലാൽ, എഎസ്ഐ അൻസുദീൻ, എസ്‌സിപിഒമാരായ സന്തോഷ്, യൂസുഫ് കുട്ടി എന്നിവരാണ്‌ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്‌.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ളതുമായ പ്രൊഫഷണലിസമാണെന്ന് ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി അഭിപ്രായപ്പെട്ടു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷകസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പൊലീസ് മേധാവി പ്രശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top