13 December Friday
പൂരം കലക്കണമെന്നത് സംഘപരിവാർ താൽപ്പര്യം , കലങ്ങിയെന്ന് സ്ഥാപിക്കൽ യുഡിഎഫ് താൽപ്പര്യം

തൃശൂർ
പൂരവിവാദം ; പ്രതിപക്ഷത്തിന്‌ 
സംഘപരിവാർ അജൻഡ : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024


തിരുവനന്തപുരം
തൃശൂർപൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നതുകൊണ്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലക്കണമെന്നത് സംഘപരിവാർ താൽപ്പര്യമായിരുന്നു;  കലങ്ങിയെന്ന് സ്ഥാപിക്കുക യുഡിഎഫിന്റെയും. രണ്ടിനുമൊപ്പമല്ല പൂര പ്രേമികളും ജനങ്ങളും. പൂരം അലങ്കോലപ്പെട്ടെന്നല്ല  അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന നിലപാടാണ് സർക്കാരിന്‌. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്‌–- മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

പൂരം പാടെ കലങ്ങിയെന്ന മട്ടിൽ അതിശയോക്തിപരമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്‌. പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളുണ്ടായി എന്നത് വസ്‌തുതയാണ്. ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ പ്രധാന ചടങ്ങുകളും കൃത്യമായി നടന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പുകൾ അവസാനിക്കുന്നതോടെയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. വെടിക്കെട്ടിന്റെ മുന്നോടിയായി തൃശൂർ റൗണ്ടിൽ(സ്റ്റെറൈൽ സോൺ)നിന്ന്‌  ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദമുന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃത സുരക്ഷാക്രമീകരണങ്ങളോട് ചില എതിർപ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങൾ ഓഫ്‌ ചെയ്യുന്നതുൾപ്പെടെ ചില നടപടികളും ഉണ്ടായി. പുലർച്ചെ മൂന്നോടെ നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്നത്തെ സമാപന വെടിക്കെട്ടും വൈകി. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ആ സമയത്ത് ചുരുക്കി നടത്തുകയായിരുന്നു.

സംഭവിച്ചതിന്റെ  കാരണം അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമം നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടെന്ന് സ്ഥാപിക്കാനാണ്‌ പ്രതിപക്ഷത്തിന്‌ വ്യഗ്രത. പൂരവും ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താൽപ്പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങൾ രാഷ്ട്രീയമായി തുറന്നുകാട്ടാനും തടയാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടിലനീക്കമാണ് പ്രതിപക്ഷത്തിന്റേത്. 

ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റംചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്‌ അർഹമായ ശിക്ഷനൽകും. പൂരാഘോഷവുമായി ബന്ധപ്പെട്ട  ഇടപെടലുകളെല്ലാം പരിശോധിക്കും. വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനാണ്‌  ശ്രമം–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top