18 May Tuesday

പൂരം ചടങ്ങുകള്‍ മാത്രം; കാണികള്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖികUpdated: Monday Apr 19, 2021

തൃശൂര്‍ പൂരം (ഫയല്‍ ചിത്രം)

തൃശൂര്‍ > കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷവും തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കും. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായത്. പൂരം നടത്താനുള്ള കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴിമിന്നിലിന് മാത്രമാണ് അനുമതി.

24ന് നടക്കുന്ന പകല്‍പൂരം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഘടക പൂരങ്ങളും മടത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും നടത്താം. ചമയപ്രദര്‍ശനവും ഉണ്ടാകില്ല. കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറക്കും.  പൂരപറമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാകിസിനോ നിര്‍ബന്ധമാണ്. കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കമീഷ്ണര്‍ എന്നിവര്‍ക്കാണ് പൂരം നടത്തിപ്പ് ചുമതല.

തീരുമാനം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡുകള്‍ അംഗീകരിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ആയി ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുത്തതുമാണ് പൂരം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിലെത്തിയത്.

കര്‍ശന നിയന്ത്രണം വേണമെന്ന് പൊലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട് സാഹചര്യത്തിലാണ് രണ്ട് ദേവസ്വം ബോര്‍ഡും പൂരം ആഘോഷത്തോടെ നടത്തണമെന്ന തീരുമാനത്തില്‍ നിന്ന് അയവ് വരുത്തിയത്.

ദേവസ്വം ഭാരവാഹികള്‍ക്ക് നന്ദി-ആരോഗ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് മഹാമാരി സമയത്ത് തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈയൊരു മഹാമാരിക്കാലത്ത് ദേവസ്വം ഭാരവാഹികള്‍ എടുത്ത തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. നാടൊരു ആപത് ഘട്ടത്തിലായ സമയത്ത് നാടിനൊപ്പം നിന്നതിലൂടെ വലിയൊരു സന്ദേശമാണ് ഇവര്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top