04 August Tuesday

ആനവിഷയത്തിലെ ആചാരവും വിശ്വാസവും; തൃശൂർ പൂരത്തിൽ ബിജെപി മുതലെടുപ്പുനീക്കം തകര്‍ന്നടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

തൃശൂർ> തൃശൂർ പൂരത്തിൽ വർഗീയത കലർത്തി മുതലെടുപ്പിനുള്ള ബിജെപി, ആർഎസ്എസ് നീക്കം തകർന്നടിഞ്ഞു. ആനവിഷയത്തിൽ ആചാരവും വിശ്വാസവും കൂട്ടിക്കലർത്തി സർക്കാരിനെതിരെ കൊമ്പുകോർക്കാനാണ് ബിജെപി ആസൂത്രിത നീക്കം നടത്തിയത്. എന്നാൽ സർക്കാരിന്റെ സമയോചിതവും കൃത്യതയോടും കൂടിയ നിലപാട‌്മൂലം ബിജെപി അജൻഡ നനഞ്ഞ പടക്കം പോലെയായി. ജനങ്ങളും സർക്കാരിനൊപ്പം നിന്നതോടെ ബിജെപി നാണംകെട്ടു. മുൻ വർഷങ്ങളിൽ വെടിക്കെട്ടിന്റെ പേരിലും ഇത്തരം കുത്സിതനീക്കം നടന്നിരുന്നു. എന്നാൽ അതെല്ലാം ജനകീയ സർക്കാരിന്റെയും മന്ത്രിമാരുടെയും ജാഗ്രതയിൽ പൊളിക്കാനായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതൽ വെടിക്കെട്ടും ആന വിഷയവും ഉയർത്തി  ബിജെപി  രാഷ‌്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നു.  പാർലമെന്റ് തെരഞ്ഞെടുപ്പിലും ഈ നീക്കം നടന്നു. ഇത്തവണ വെടിക്കെട്ടിനുള്ള അനുമതി നേരത്തേ ലഭിച്ചു. ഇതോടെയാണ് ആനകളെ വിഷയമാക്കിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ  പേരിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ തൃശൂർ കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയഗൂഢനീക്കം നടത്തിയത്. ശബരിമലപോലെ തൃശൂർ പൂരത്തെയും ‘സുവർണാവസര'മാക്കി മാറ്റാനായിരുന്നു നീക്കം. എന്നാൽ ഇതെല്ലാം തകർന്നു. ഇതോടെ പൂരനാളിൽ കെ സുരേന്ദ്രൻ തൃശൂരിൽ കാലുകുത്തിയില്ല. സുരേഷ് ഗോപി തൃശൂരിലുണ്ടായിട്ടും പുറത്തിറങ്ങിയില്ല.   

2009 മുതലുള്ള കണക്കുപ്രകാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന  ആന ഏഴുപേരെ കൊന്നിട്ടുണ്ട്.  ഫെബ്രുവരി  എട്ടിന് രണ്ടുപേരെ ഗുരുവായൂരിൽ കൊന്നു.  ജനസുരക്ഷ കണക്കിലെടുത്താണ് ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അധികൃതർ നിയന്ത്രണമേർപ്പെടുത്തിയത്.  അഞ്ചുകൊല്ലം മുമ്പുവരെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏതെങ്കിലും  ഒരാനയെ എഴുന്നള്ളിച്ചാണ് തെക്കേ ഗോപുരനട തുറക്കാറ‌്. അന്നൊന്നും പരാതി ഉണ്ടാവാറില്ല. എന്നാൽ ഇതെല്ലാം മറച്ചുവച്ച്   ഏതു വിഷയവും സർക്കാരിനെതിരെ തിരിച്ചുവിടാനാണ് ആസൂത്രിത നീക്കം നടത്തിയത്. ഉത്സവങ്ങൾ തകർക്കുന്നുവെന്ന പേരിൽ മന്ത്രി വി എസ് സുനിൽകുമാറിന്റെ ക്യാമ്പ് ഓഫീസിലേക്ക്  ബിജെപിക്കാർ മാർച്ച് പ്രഹസനം നടത്തി. പൂരത്തലേക്ക് കരിദിനം ആചരിച്ച് കലാപത്തിന്  ലക്ഷ്യമിട്ടിരുന്നു. കലക്ടർ ടി വി അനുപമക്കെതിരെയും കമീഷണർ യതീഷ് ചന്ദ്രക്കെതിരെയും വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തി. നവമാധ്യമങ്ങളിൽ ഉൾപ്പെടെ കലക്ടർക്കെതിരെ അസഭ്യവർഷം നടത്തി.

ഇതിനിടെ രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കിൽ  ആനകളെ എഴുന്നള്ളിപ്പിന് വിട്ടുതരില്ലെന്നും ആനയുടമകൾ വെറുംവാശികാട്ടി.   മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തി  ഈ പ്രശ്നം പരിഹരിച്ചു. വനംമന്ത്രി പി രാജു, ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങി ജനപ്രതിനിധികളും പ്രശ്ന പരിഹാരങ്ങൾക്കായി തുടർച്ചയായി ഇടപെട്ടു. ഇതിനിടെ ആനയുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തെച്ചിക്കോട്ടുകാവ് ദേവസ്വം നൽകിയ ഹർജിയിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതിയും അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി ജില്ലാ നിരീക്ഷണ സമിതിയോഗം ചേർന്ന്  നിയന്ത്രണങ്ങൾക്ക് വിധേയമായി  തൃശൂർ പൂര വിളംബരത്തിന് മാത്രമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒരു മണിക്കൂർ  എഴുന്നള്ളിക്കാൻ അനുമതി നൽകി. ഇതോടെ പൂരം പൊളിക്കാനുള്ള  ബിജെപിയുടെ ഗൂഢതന്ത്രം പൊളിഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top