ചാവക്കാട് > ഡിസിസി ജനറൽ സെക്രട്ടറിയും ചാവക്കാട് നഗരസഭാ സ്ഥാനാർഥിയുമായ പി യതീന്ദ്രദാസിനെതിരെ ചാവക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ പട്ടികജാതി യുവതിയുടെ പരാതിയിൽ ചാവക്കാട് പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് നേതാവും നിലവിൽ കൗൺസിലറുമായ ഹിമ മനോജിനെ മർദിച്ചെന്ന പരാതിയിലാണ് യതീന്ദ്രദാസിനെതിരെ കേസെടുത്തത്. അതോടെ പുറത്തിറങ്ങാനാവാതെ സ്ഥാനാർഥി ഒളിവിലായി.
ചാവക്കാട് നഗരസഭാ പുന്ന സൗത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പി യതീന്ദ്രദാസാണ് അറസ്റ്റ് ഭയന്ന് വാർഡിൽ പ്രചാരണത്തിനുപോലും ഇറങ്ങാൻ കഴിയാതെ മുങ്ങിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസിനെ സഹായിക്കുന്നതിനിടെയാണ് ഇയാൾ വാർഡ് കൗൺസിലറെ ആക്രമിച്ചത്. നേരത്തേ ഹിമ മനോജിനെ ആക്ഷേപിച്ച് അശ്ലീലപോസ്റ്റർ സാമൂഹ്യമാധ്യമങ്ങൾ വഴിപ്രചരിപ്പിച്ചെന്ന പരാതിയും യതീന്ദ്രദാസിനെതിരെയുണ്ട്.
കൂടാതെ മഹിളാ നേതാവിനെ ജാതിപ്പേര് വിളിച്ചതിലുള്ള കേസിൽ ഹൈക്കോടതിയിൽനിന്നും ജാമ്യത്തിലാണ് യതീന്ദ്രദാസ്. ഇതിനിടെയാണ് ഇയാൾ കൗൺസിലറെ വീണ്ടും ആക്രമിച്ചത്. ആറാം വാർഡിൽ മത്സരിക്കണമെന്ന യതീന്ദ്രദാസിന്റെ വാശിക്ക് നേതൃത്വം കീഴടങ്ങിയത് അബദ്ധമായെന്നാണ് പ്രവർത്തകർ പറയുന്നത്. അർഹരായ ആളുകളെ ഒഴിവാക്കി ഇത്തരക്കാർക്ക് സ്ഥാനാർഥിത്വം നൽകിയത്. കോൺഗ്രസിന് നാണക്കേടായെന്നും അവർ സമ്മതിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..