11 December Wednesday

ആനയെഴുന്നള്ളിപ്പ്‌ ‘വിധി’പ്രകാരം ; 
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലി നടത്തിയത്‌ 15 ആനകളെ 3 മീറ്റർ അകലത്തിൽ നിർത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്‌ചികോത്സവത്തിന്റെ ആദ്യദിനം ഹൈക്കോടതി നിർദേശപ്രകാരമുള്ള അകലം പാലിച്ച്‌ ആനകളെ എഴുന്നള്ളിച്ചപ്പോൾ


തൃപ്പൂണിത്തുറ
ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള അകലംപാലിച്ച്‌ 15 ആനകളെ എഴുന്നള്ളിച്ച്‌ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്‌ തുടക്കം. ഉത്സവത്തിന്റെ ആദ്യദിനത്തിലെ ശീവേലിക്ക്‌ ക്ഷേത്രമതിൽക്കകത്ത് ആനപ്പന്തലിലും മുന്നിലുമായി ആനകളെ രണ്ടുനിരയാക്കി നിർത്തിയാണ് ശീവേലി തുടങ്ങിയത്. തെക്കെ നടയിൽ എത്തിയപ്പോൾ 15 ആനകളെയും മൂന്നു മീറ്റർ അകലത്തിൽ ദൂരപരിധി പാലിച്ച് നിരത്തി നിർത്തി.

വെള്ളി രാവിലെ ഏഴിന്‌ ക്ഷേത്രത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനപ്പന്തലിൽ ആനകളെ നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു. പിന്നീട് ആനകളെ നിർത്തിയും സ്ഥലം അടയാളപ്പെടുത്തി. ഒമ്പതരയോടെ ആറ്‌ ആനകളെ ആനപ്പന്തലിലും ഒമ്പതെണ്ണത്തെ മുൻനിരയിലുമായി മൂന്നു മീറ്റർ ഇടവിട്ട് നിർത്തി ശീവേലി തുടങ്ങി.

ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന കോടതിയുടെ നിയന്ത്രണത്തിൽ ഇളവുതേടി കൊച്ചിൻ ദേവസ്വം ബോർഡ്‌ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇളവ്‌ അനുവദിക്കാത്ത സാഹചര്യത്തിലാണ്‌ പുതിയ ക്രമീകരണം. ഡിസംബർ ആറുവരെ നടക്കുന്ന വൃശ്ചികോത്സവത്തിൽ എല്ലാ ദിവസവും 15 ആനയെ എഴുന്നള്ളിക്കുന്നതാണ്‌ പതിവ്‌.രാത്രി ഏഴരയോടെ തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റി. ക്ഷേത്രത്തിനു മുന്നിലെ വഴിയോരക്കച്ചവടം നിരോധിച്ചതും ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പകിട്ട് കുറച്ചു. പതിവുതിരക്കും ഇക്കുറി ഉണ്ടായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top