ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; ആറംഗ സംഘം പിടിയിൽ
തൃക്കാക്കര> ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ മർദിച്ച് വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച ആറംഗസംഘം പിടിയിൽ. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), മലപ്പുറം നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്ദു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് ഷിബിനു സാലി (23), കണ്ണൂർ കുഴിവച്ചൽ അടിയോട് വീട്ടിൽ റയസ്(26), കണ്ണൂർ മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി സ്വദേശിയായ യുവാവിനെ സ്വകാര്യ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രതികൾ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. പിന്നീട് യുവാവിനെ വച്ച് സംഘം വീഡിയോ ചിത്രീകരിച്ചു. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിയെടുത്തു. പിന്നാലെ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു.
പണം നൽകാമെന്ന് സമ്മതിച്ച യുവാവിനെ പ്രതികൾ വിട്ടയച്ചു. വീട്ടിലെത്തിയ യുവാവ് തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളിൽ നിന്നും 10 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇവരുടെ നേതൃത്വത്തിൽ ഇത്തരം തട്ടിപ്പുകൾ ഇതിനു മുമ്പു നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. തൃക്കാക്കര ഇൻസ്പെക്ടർ എ കെ സുധീറിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ വി ബി അനസ്, വി ജി ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസറൻമാരായ സിനാജ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 comments