22 September Tuesday

പ്രളയമില്ല, കുട്ടനാടിന് ആശ്വാസം; തോട്ടപ്പള്ളി സ്പിൽവേയിൽ മണൽ നീക്കി വീതിയും ആഴവും കൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തിരുവനന്തപുരം > വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽ വേയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കുകയും കൂടുതൽ വീതിയിൽ പൊഴിമുറിക്കുകയും ചെയ്ത ഗവൺമെന്റ് നടപടി ശരിയെന്ന് തെളിഞ്ഞു. മണൽ നീക്കുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുൾപ്പടെ നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ സമരത്തിന്റെ പൊള്ളത്തരം ഈ മഴക്കാലത്ത് തെളിഞ്ഞു.

കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് മണൽ നീക്കം ചെയ്തത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലേയും ജില്ലയുടെ കിഴക്കൻ ഭാഗങ്ങളേയും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ ഇതിലൂടെ സാധിച്ചു. സ്പിൽവേയിലെ മണൽ ധാതുസമ്പന്നമായ കരിമണൽ ആയതിനാൽ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് ഇത് എടുക്കാനാവുക. അതിനാൽ കേന്ദ്രസ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡും (ഐആർഇ) സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറൽസ് ആന്റ് മെറ്റൽസും (കെഎംഎംഎൽ) മണൽ എടുത്തത്. എന്നാൽ, ഇതിനെതിരെ രാഷ്ട്രീയ താൽപര്യങ്ങളോടെയും കരിമണൽ ലോബിയെ സഹായിക്കാനും പ്രതിപക്ഷ സംഘടനകളും തൽപ്പരകക്ഷികളും സംയുക്തമായി രംഗത്തെത്തി. ആ പ്രതിഷേധങ്ങളെല്ലാം അസ്ഥാനത്തായി. സ്പിൽവേയുടെ ആഴവും വീതിയും കൂട്ടിയതോടെ അനായാസമായി ജലം കടലിലേക്ക് ഒഴുകുകയും വെള്ളപ്പൊക്ക ഭീഷണി കുറയുകയും ചെയ്തു. കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴ ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമായി.

ആറുകളിൽ കഴിഞ്ഞ പ്രളയകാലങ്ങളുടെ അത്ര ജലനിരപ്പ് ഉയർന്നില്ല. 160 മീറ്റർ മാത്രമായിരുന്ന സ്പിൽവേയുടെ വീതി 390 ആക്കി. ആഴം ഒരുമീറ്ററിൽ നിന്ന് ഡ്രഡ്ജിങ്ങിലൂടെ 3 മീറ്റർ ആക്കി. സ്പിൽവേയിലെ 40 ഷട്ടറുകളിലൂടെയും ഒഴുകിയെത്തിയ ജലം തടസ്സങ്ങളില്ലാതെ കടലിൽ പതിച്ചു. ഇതോടെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ജലനിരപ്പ് താഴ്ന്നു. വെള്ളത്തിന്റെ വരവ് കൂടിയിട്ടും പമ്പാ നദിയുടെ അണക്കെട്ട് തുറന്നിട്ടും വെള്ളപ്പൊക്കം വലിയ ഭീഷണി ഉയർത്തിയില്ല. ഇതുവരെ ഒരുലക്ഷം ടൺ മണൽ നീക്കം ചെയ്തു. ഇനി ഒന്നരലക്ഷം ടൺ മണൽകൂടി നീക്കം ചെയ്ത് സ്പിൽവേയുടെ തടസ്സങ്ങൾ എല്ലാം മാറ്റും. കരിമണലിൽ നിന്ന് ഇൽമനൈറ്റ്, മോണോസൈറ്റ് തുടങ്ങിയ ധാതുക്കൾ എടുത്തശേഷം തോട്ടപ്പള്ളി മണ്ണമ്പറം കോളനിയിൽ ലൈഫ് പദ്ധതി പ്രകാരം ഫ്ളാറ്റ് സമുച്ചയം നിർമിക്കുന്ന സ്ഥലത്ത് കെഎംഎംഎൽ മണൽ തിരികെ എത്തിച്ചു. ഇതിനകം 50 ലോഡ് മണൽ കൊണ്ടുവന്നു.

മെയ് 23ന് പ്രവൃത്തികൾ ജൂലൈ 22ന് പൂർത്തിയാക്കി. ജൂലൈ 31 ന് പൊഴിമുഖം മുറിച്ച് കടലിലേക്ക് ജലം ഒഴുക്കി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകിയിട്ടും ഇത്തവണ മാവേലിക്കരയിലെ തീരപ്രദേശങ്ങളെയും പ്രളയം വിഴുങ്ങിയില്ല. തോട്ടപ്പള്ളി പൊഴിമുറിച്ചതാണ്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top