22 September Friday

ജാതി, മത ചിന്തകൾക്കതീതമായി ഇടതുപക്ഷം 
മനുഷ്യരെ ഒരുമിപ്പിച്ചു: ഡോ ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

സെമിനാർ ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട > ജാതി,  മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച  സാമൂഹ്യ ഘടന  കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം  നിർണായക പങ്ക് വഹിച്ചുവെന്ന്  സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു.
 
വൈക്കം സത്യ​ഗ്രഹ സമര കാലത്ത് രൂപപ്പെട്ട് വന്ന സാമൂഹ്യാന്തരീക്ഷത്തിൽ കൃത്യമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റം വരാൻ അത് ഇടയാക്കുകയും ചെയ്‌തു. വി എസ് ചന്ദ്രശേഖരപിള്ള പഠന ​ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യ​ഗ്ര ശതാബ്ദിയാഘോഷത്തിന്റെ ഭാ​ഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഐസക്ക്. 
അക്കാലത്ത് ഉയർന്ന് വന്ന തൊഴിലിടങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂലി വർധനവിന് എല്ലാ ജാതി, മത വിഭാ​ഗങ്ങൾക്കും ഒന്നിച്ച് നിന്ന് പോരാടേണ്ടി വന്നു. അവിടെ ജാതിക്കും മതത്തിനും  ഒന്നും പ്രസക്തിയില്ലാതായി. വ​ർ​ഗഐക്യം എന്ന വലിയ മുദ്രാവാക്യം കേരളീയ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായിച്ചു. ഈ സാമൂഹ്യാന്തരീക്ഷം കേരളത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.
 
വീണ്ടും ആ പഴയ കാലത്തേക്ക് തിരികെകൊണ്ടു പോകാനാണ്  വലതുപക്ഷ വർ​ഗീയ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് എന്നെങ്കിലും എവിടെയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയോ  അയിത്തത്തിനെതിരെയോ പ്രവർത്തിച്ചിട്ടുണ്ടോ.  രാജ്യത്തെ ഭരണഘടനയേക്കാളും  വലുത് മനുസ്മൃതിയാണെന്ന് നീതിന്യായ സംവിധാനത്തെ കൊണ്ടു തന്നെ പറയിപ്പിക്കുന്ന അവസ്ഥയാണ്  കാണുന്നത്. ഈ തിരിച്ചുപോക്ക് അപകടമാണ്. ഇതിനെ ചെറുത്തേ മതിയാകു.
 
വസ്തുതകൾക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചരിത്രബോധം ഇല്ലാത്ത  സമൂഹമായി നാം  മാറരുത്. ശ്രീനാരായണ ​ഗുരുവടക്കം നടത്തിയ നവേത്ഥാന പോരാട്ടങ്ങൾക്കൊപ്പം ഇടതുപക്ഷം കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല, തോമസ് ഐസക്ക് പറഞ്ഞു.
 
ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ​ഗവേഷണ കേന്ദ്രം ഡയറക്ടർ എ പത്മകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം അഡ്വ. ഓമല്ലൂർ ശങ്കരൻ സംസാരിച്ചു. ​ഗവേഷണ കേന്ദ്രത്തിലെ അം​ഗത്വ വിതരണം ഡോ. ടി എം തോമസ് ഐസക്കിൽ  നിന്ന് അം​ഗത്വം സ്വീകരിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം രാജു ഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  കെ അനന്തഗോപൻ  എന്നിവർ സന്നിഹിതരായി. പ്രൊഫ. വിവേക് നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top