22 September Tuesday

ഇന്ധന നികുതി സംസ്ഥാനം വർധിപ്പിക്കില്ല; പെൻഷൻ പ്രായം കൂട്ടില്ല: ഐസക്‌

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

തിരുവനന്തപുരം > സർക്കാർ സർവീസിലെ പെൻഷൻപ്രായം ഉയർത്തില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. വിരമിക്കുന്നവരുടെ കാലാവധി നീട്ടുകയുമില്ല. സംസ്ഥാന സർക്കാർ പെട്രോൾ, ഡീസൽ നികുതി വർധിപ്പിക്കുമെന്നുള്ള പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണ്‌. ഇവ സർക്കാർ  തീരുമാനിച്ച മട്ടിലാണ് ചിലർ ബോധപൂർവമായ വിമർശനം ഉയർത്തുന്നത്. അത്യാവശ്യമില്ലാത്ത മേഖലകളിലെ സർക്കാർ ചെലവ്‌ കുറയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ നികുതി വർധിപ്പിച്ചു.ഇവിടെയും അത്തരമൊരു നിർദേശം വന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇത്‌ വിശദമായി പരിശോധിച്ച് വേണ്ടെന്നുവച്ചു. കേരളത്തിലെ പെൻഷൻപ്രായം ഉയർത്തേണ്ടതില്ലെന്നത് എൽഡിഎഫ്‌  നയമാണ്. പുനഃപരിശോധനയുടെ ആവശ്യമുയരുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ശ്രമം.

ചിലവ്‌ ചുരുക്കിയേ പറ്റൂ

സംസ്ഥാനം ഗൗരവതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്‌. സർക്കാർ ചെലവ്‌ ഉയരുന്നു. വരുമാനം കുറയുന്നു. വരുമാനം വർധിപ്പിക്കാനുള്ള നടപടികൾക്ക്‌ പരിമിതിയുണ്ട്‌. അത്യാവശ്യമില്ലാത്ത ചെലവുകൾ ചുരുക്കിയേതീരൂ. ആരോഗ്യം അടക്കമുള്ള  മേഖലകളിൽ ചെലവിന്‌ പരിധി നിശ്ചയിക്കാനാകില്ല. ബാക്കിയുള്ളവയിൽ ചെലവ്‌ ചുരുക്കേണ്ടിവരും. ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും നിർദേശങ്ങൾ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനോടും, ഡോ. കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയോടും ആവശ്യപ്പെട്ടിരുന്നു.

എബ്രഹാം കമ്മിറ്റി റിപ്പോർട്ടിന്റെ ആദ്യഭാഗംമാത്രം സർക്കാരിന്‌ കിട്ടിയിട്ടുണ്ട്‌. ഇത്‌  പരിഗണിച്ചിട്ടില്ല.  സമിതികൾ അവരുടേതായ അഭിപ്രായങ്ങൾ പറയും. അതിന്‌ സ്വാതന്ത്ര്യം നൽകാറുണ്ട്. പല സംസ്ഥാനങ്ങളും അടച്ചുപൂട്ടൽകാലത്ത് പെട്രോൾ നികുതി വർധിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പെൻഷൻ പ്രായം കേരളത്തിനേക്കാൾ രണ്ടോ മൂന്നോ വർഷം ഉയർന്നതാണ്. ഇതൊക്കെ സർക്കാർ പഠന സമിതികൾ പരിശോധിക്കുന്നത്‌ സ്വഭാവികം. ഇത്‌ ഉപയോഗിച്ച്‌ അവരെ ആക്ഷേപിക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top