03 February Friday

ഗവർണറുടെ നീക്കം സംഘപരിവാറിൽനിന്ന്‌ അച്ചാരം വാങ്ങിയുള്ളത്‌: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

തൃശൂർ> കാലങ്ങളായി കേരളം നേടിയെടുത്ത മതനിരപേക്ഷ വിദ്യാഭ്യാസം തകർക്കാൻ സംഘപരിവാറിൽനിന്ന്‌ അച്ചാരം വാങ്ങിയ വ്യക്തിയാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ്‌ ഐസക്‌. തൃശൂരിൽ 13ന്‌ ആരംഭിക്കുന്ന കിസാൻ സഭാ അഖിലേന്ത്യാ സമ്മേളനത്തിന്‌ മുന്നോടിയായി തേക്കിൻകാട്‌ മൈതാനത്ത്‌ ‘കേരളത്തിന്റെ ബദൽ വികസന മാതൃക പ്രസക്തി, സവിശേഷത, തന്ത്രം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയായി വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജനം തുടങ്ങി വികസന സൂചികയിൽ ഒന്നാംസ്ഥാനത്താണ്‌ കേരളം. സർവമേഖലയിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ്‌ കേരളം ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക്‌ കുതിച്ചത്‌. നവവൈജ്ഞാനിക മുന്നേറ്റത്തിലേക്കുള്ള  മലയാളനാടിന്റെ കുതിപ്പിനെ എന്ത്‌ വിലകൊടുത്തും തടയുക എന്ന ലക്ഷ്യത്തിനായാണ്‌  ഗവർണറും കൂട്ടരും ശ്രമിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിനെയും അതിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാൻ പഠിച്ചപണി മുഴുവനും നടത്തിയെങ്കിലും സംഘപരിവാറിനും കൂട്ടർക്കും അതിന്‌ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലെ മലയാളിയുടെ കുതിപ്പിനെ ഇല്ലാതാക്കുന്നതിന്റെ പ്രാരംഭനടപടിയുടെ ഭാഗമായാണ്‌ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും വൈസ്‌ ചാൻസലർമാരെ പിൻവലിച്ച്‌   സംഘികളെ കുത്തിനിറയ്‌ക്കാൻ ഗവർണറുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നതെന്ന്‌ ഐസക്‌ പറഞ്ഞു.  

കർഷകരെ രക്ഷിക്കാൻ കോർപറേറ്റുകളെ ഏൽപ്പിക്കുന്ന മോദിനയം കോഴിയെ സംരക്ഷിക്കാൻ  കുറുക്കനെ ഏൽപ്പിക്കുന്ന രീതിയാണ്‌.  
കർഷകരുടെ കൂട്ടായ്മയിലൂടെ മണ്ണും ജലവും സംരക്ഷിച്ച് ഉൽപ്പാദന ക്ഷമത വർധിപ്പിക്കലാണ് കേരള മാതൃക. കേന്ദ്രം സൃഷ്ടിച്ച പ്രശ്നങ്ങൾ മാത്രമാണ് കേരളത്തിലുള്ളത്. കിഫ്ബി എടുത്ത വായ്പ സംസ്ഥാന സർക്കാർ എടുത്ത വായ്പയായി കണക്കാക്കി ബജറ്റ് വിഹിതത്തിൽനിന്ന് കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ  നീക്കം. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ഐസക്‌  പറഞ്ഞു. പ്രൊഫ. സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി. എം എം വർഗീസ്‌, എ സി മൊയ്‌തീൻ എംഎൽഎ, കെ രവീന്ദ്രൻ, ടി നരേന്ദ്രൻ, രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top