22 October Tuesday

ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; പ്രചരണത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്ക്: ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

തിരുവനന്തപുരം>ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടും എതിര്‍പ്പു തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏകീകരണം നടപ്പാക്കിയാല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സ്‌കൂള്‍ ക്ലാസുകളിലും പഠിപ്പിക്കേണ്ടി വരും എന്നതാണ് എതിര്‍പ്പിനു കാരണമായി ഉയര്‍ത്തുന്ന ഏറ്റവും പ്രധാന വാദം.

 അങ്ങനെ സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ പലവട്ടം വിശദീകരിച്ചു കഴിഞ്ഞു. എന്നിട്ടും ഈ പ്രചരണം തുടരുന്നതിന് കാരണം രാഷ്ട്രീയമായ ദുഷ്ടലാക്കാണ് എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

നിലവിലുള്ള എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ അതുപോലെ തുടരുമെന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. പിന്നെന്താണ് സ്‌കൂളില്‍ വരുന്ന മാറ്റം? ഹയര്‍ സെക്കന്‍ഡറി ഉള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായിരിക്കും സ്‌കൂള്‍ മേധാവി.

ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. സ്‌കൂളിന്റെ ഭരണചുമതല കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പലിന് അധ്യയനച്ചുമതല കൂടി വഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കാന്‍ ജൂനിയര്‍ എച്ച്എസ്ടിടി യെയൊ ഗസ്റ്റ് ലക്ചററെയൊ ഉപയോഗിക്കും.

അതുപോലെ നിലവില്‍ ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഓഫീസോ ഓഫീസ് ജീവനക്കാരോ ഇല്ല. ഏകീകരണം വരുന്നതോടെ ഓഫീസ് സംവിധാനം സ്‌കൂളിനു മൊത്തത്തില്‍ ലഭിക്കും.

സാധാരണ നിലയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്വാഗതം ചെയ്യേണ്ട ഘടനാമാറ്റമാണിത്. കാരണം, ഹയര്‍ സെക്കന്‍ഡറിയ്ക്ക് ഇതുവരെ ലഭിക്കാതിരുന്ന സൗകര്യങ്ങള്‍ ലഭിക്കുകയാണ്. പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും.

 പ്രിന്‍സിപ്പലിന്റെ അക്കാദമിക ഭാരം ലഘൂകരിക്കപ്പെടും. ഒരു സ്‌കൂളില്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമെല്ലാം പൂര്‍ണമായും അവസാനിക്കും.

പരീക്ഷാ നടത്തിപ്പും മാറും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റര്‍ മൂന്ന് വിഭാഗങ്ങള്‍ക്കും പൊതുപരീക്ഷാ കമീഷണറാകും.
 
കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുന്ന നിര്‍ദ്ദേശമാണ് ഇതും.അധ്യാപക-അനധ്യാപകരുടെ നിലവിലെ സേവന-വേതന വ്യവസ്ഥകളിലോ ജോലിഭാരത്തിലോ ഒരു മാറ്റവും ഏകീകരണം വഴി സംഭവിക്കുകയില്ല എന്നിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന വ്യാജപ്രചാരണവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്.

നിര്‍ഭാഗ്യവശാല്‍ യുഡിഎഫും ഈ പ്രചരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.കുട്ടികളുടെയും പൊതുസമൂഹത്തിന്റെയും മുന്നോട്ടുള്ള ഗതിയെ ഗുണപരമായി സ്വാധീനിക്കുന്നതാണ് ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. പ്രായോഗികമായി ഉണ്ടാകുന്ന ഏതു പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന തുറന്ന നിലപാടും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അതൊന്നും പരിഗണിക്കാതെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നത് ശരിയല്ല. നാടിനു ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് ഖാദര്‍ കമ്മിഷന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഏതെങ്കിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ തുറന്ന മനസാണ് സര്‍ക്കാരിനെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആ വഴികള്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും ഐസക്ക് പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top